ദോഹ:ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദിയോടേറ്റ തോല്‍വിയുടെ ക്ഷീണം മെക്‌സിക്കോയ്‌ക്കെതിരായ വിജയത്തോടെയാണ് അര്‍ജന്‍റീന തീര്‍ത്തത്. ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ മെക്സിക്കോയ്‌ക്ക് എതിരായ വിജയമല്ലാതെ മറ്റൊന്നും ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല.
ഈ നയം അര്‍ജന്‍റൈന്‍ പരിശീകലന്‍ ലയണല്‍ സ്‌കലോണി നേരത്ത തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജീവന്മരണപ്പോരിനിറങ്ങിയ അര്‍ജന്‍റീനയെക്കെതിരെ കടുത്ത പോരാട്ടമാണ് മെക്‌സിക്കോ നടത്തിയത്. നിരാശപ്പെടുത്തുന്ന ആദ്യ പകുതിക്ക് ശേഷമാണ് ഇരട്ട ഗോളുകളോടെ അര്‍ജന്‍റീന മത്സരം പിടിച്ചത്.
സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കാലുകളില്‍ നിന്നാണ് ടീമിന്‍റെ ആദ്യ ഗോളിന്‍റെ പിറവി. ഈ ഗോള്‍ അർജന്‍റീനയിലെന്ന പോലെ ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ആഘോഷിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മെസിയുടെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബംഗ്ലാദേശിലെ അര്‍ജന്‍റൈന്‍ ആരാധകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പടരുകയാണ്.