റിയാദ്: സൗദി പ്രോ ലീഗിൽ തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളുമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അഭ എഫ്‌സിയ്‌ക്ക് എതിരെയാണ് അൽ നസ്‌ര്‍ താരം 35 വാര അകലെ നിന്നും ലക്ഷ്യം കണ്ടത്. മത്സരത്തിന്‍റെ 78-ാം മിനിട്ടിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൂപ്പര്‍ ഗോള്‍ പിറന്നത്.
ബോക്‌സിന് പുറത്ത് നിന്നും റൊണാള്‍ഡോ തൊടുത്ത ഷോട്ട് പ്രതിരോധ മതിലിന് ഇടയിലൂടെയാണ് വലയിലെത്തിയത്. ഈ വര്‍ഷം റൊണാള്‍ഡോ നേടുന്ന ആദ്യത്തേയും കരിയറിലെ 59-ാമത്തെയും ഫ്രീ കിക്ക് ഗോളുമായിരുന്നുവിത്. അഭ എഫ്‌സിയ്‌ക്ക് ഒരു ഗോളിന് പിന്നില്‍ നില്‍ക്കെയാണ് 38കാരനായ റൊണാള്‍ഡോ അല്‍ നസ്‌റിനായി ഗോളടിച്ചത്.
തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ടാലിസ്‌ക ലക്ഷ്യത്തിലെത്തിച്ചതോടെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മത്സരം വിജയിക്കാനും അല്‍ നസ്‌റിന് കഴിഞ്ഞു. അബ്ദുള്‍ ഫത്താ ആദം അഹമ്മദാണ് അഭ എഫ്‌സിയ്‌ക്കായി ലക്ഷ്യം കണ്ടത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ക്ക് അല്‍ നസ്‌റിനായിരുന്നു ആധിപത്യം.
എന്നാല്‍ കളിയുടെ ഗതിയ്‌ക്ക് വിപരീതമായി മത്സരത്തിന്‍റെ 26-ാം മിട്ടില്‍ തന്നെ അബ്ദുള്‍ ഫത്താ ആദം അഹമ്മദിലൂടെ അഭ എഫ്‌സി ലീഡെടുത്തിരുന്നു. ഈ ലീഡ് ആദ്യ പകുതിയില്‍ നിലനിര്‍ത്താനും സംഘത്തിന് കഴിഞ്ഞു. രണ്ടാം പകുതിയില്‍ റൊണാള്‍ഡോയുടെ ഫ്രീകിക്ക് ഗോളിലൂടെയാണ് അല്‍ നസ്‌ര്‍ ഒപ്പം പിടിച്ചത്. തുടര്‍ന്ന് 86ാം മിനിട്ടിലാണ് ടാലിസ്‌ക സംഘത്തിന്‍റ വിജയ ഗോള്‍ നേടിയത്.
കളിയുടെ 80-ാം മിനിട്ടില്‍ സക്കറിയ സാമി അല്‍ സുഡാനി ചുവപ്പു കാര്‍ഡ് നേടി പുറത്തായതോടെ അഭ എഫ്‌സി 10 പേരായി ചുരുങ്ങിയിരുന്നു. മത്സരത്തിന്‍റെ 71 ശതമാനവും പന്ത് കൈവശം വച്ചത് അല്‍ നസ്‌റായിരുന്നു. എന്നാല്‍ കൂടുതല്‍ ഗോളടിക്കാന്‍ കഴിഞ്ഞില്ല.
വിജയത്തോടെ സൗദി പ്രോ ലീഗ് പോയിന്‍റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് അല്‍ നസ്‌ര്‍. 21 മത്സരങ്ങളില്‍ നിന്നും 49 പോയിന്‍റാണ് സംഘത്തിനുള്ളത്. 15 വിജയങ്ങളും നാല് സമനിലയും രണ്ട് പരാജയങ്ങളുമാണ് അല്‍ നസ്‌റിന്‍റെ പട്ടികയിലുള്ളത്. ഇത്രയും കളികളില്‍ 50 പോയിന്‍റുള്ള അൽ ഇത്തിഹാദാണ് ഒന്നാമതുള്ളത്. 21 മത്സരങ്ങളില്‍ 23 പോയിന്‍റ് മാത്രമുള്ള അഭ എഫ്‌സി 12ാം സ്ഥാനത്താണ്.
അഭ എഫ്‌സിയ്‌ക്ക് എതിരെ ഗോളടിച്ചതോടെ അല്‍ നസ്റിനായി 10 മത്സരങ്ങളില്‍ നിന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് ഒമ്പത് ഗോളുകളായി. രണ്ട് ഹാട്രിക് ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം. തന്‍റെ ഈ മിന്നും ഫോം അന്താരാഷ്‌ട്ര തലത്തിലും പുറത്തെടുക്കാനുള്ള അവസരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് മുന്നില്‍ അടുത്തിടെ തുറന്നിരുന്നു.
യൂറോ കപ്പ് യോഗ്യത മത്സരങ്ങൾക്ക് മുന്‍ നായകനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പോര്‍ച്ചുഗലിന്‍റെ പുതിയ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തര്‍ ലോകകപ്പിന് പിന്നാലെ താരത്തിന്‍റെ അന്താരഷ്‌ട്ര കരിയറിന് വിരാമമെന്ന് വിമര്‍ശകര്‍ വിധിയെഴുതിയിരുന്നു. ടൂര്‍ണമെന്‍റില്‍ പകരക്കാരുടെ ബെഞ്ചില്‍ ഇരിക്കേണ്ടിവന്ന റോണോ ദേശീയ ടീമുമായി അകന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു ഈ വിധിയെഴുത്തുണ്ടായത്.
എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിന് ഏറെ പ്രധാനപ്പെട്ട കളിക്കാരനാണെന്നും താരത്തിന്‍റെ പ്രായത്തെ കണക്കാക്കുന്നില്ലെന്നും റോബര്‍ട്ടോ മാര്‍ട്ടിനെസ് ടീം പ്രഖ്യാപന വേളയില്‍ വ്യക്തമാക്കിയിരുന്നു. യൂറോ കപ്പ് യോഗ്യതയ്‌ക്കായി ലിച്ചെൻസ്റ്റീനും ലക്‌സംബർഗിനുമെതിരായ മത്സരങ്ങള്‍ക്കുള്ള ടീമിലാണ് ക്രിസ്റ്റ്യാനോ ഇടം നേടിയത്. ലിച്ചെൻസ്റ്റീനെ മാര്‍ച്ച് 23ന് നേരിടുന്ന പോര്‍ച്ചുഗല്‍ മാര്‍ച്ച് 26നാണ് ലക്സംബർഗുമായി പോരടിക്കുന്നത്.
ALSO READ:43ാം വയസില്‍ ഇന്ത്യൻ വെൽസ് കിരീടം; റാക്കറ്റുകൊണ്ട് ചരിത്രമെഴുതി രോഹൻ ബൊപ്പണ്ണ