കാർഡിഫ്: 64 വർഷങ്ങൾക്കു ശേഷം വെയിൽസ് ഖത്തർ ലോകകപ്പിന് യോഗ്യത നേടി. ലോകകപ്പ് പ്ലേ ഓഫ് ഫൈനലിൽ പൊരുതിക്കളിച്ച യുക്രൈനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് ബെയ്‌ലും സംഘവും സ്വപ്‌ന നേട്ടം സ്വന്തമാക്കിയത്. 34–ാം മിനിറ്റിൽ വെയിൽസ് ക്യാപ്‌റ്റൻ ഗാരത് ബെയിലിന്‍റെ ഫ്രീകിക്കിൽ നിന്നു ക്യാപ്‌റ്റൻ ആന്ദ്ര യർമെലങ്കോയുടെ ഹെഡർ സ്വന്തം വലയിൽ പതിച്ചതാണ് യുക്രൈനെ കണ്ണീരിലാക്കിയത്.
1958നു ശേഷം ആദ്യമായാണ് വെയിൽസ് ലോകകപ്പ് യോഗ്യത നേടുന്നത്. ലോകകപ്പിൽ ഇംഗ്ലണ്ട്, ഇറാൻ, അമേരിക്ക ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് വെയിൽസ് കളിക്കേണ്ടത്. ഇതോടെ ഖത്തർ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളുടെ എണ്ണം 30 ആയി. വെയ്ൽസ് കൂടി യോഗ്യത നേടിയതോടെ യൂറോപ്പിൽ നിന്നുള്ള 13 ലോകകപ്പ് ബെർത്തുകളും തീരുമാനമായി.