മാഡ്രിഡ്: റയല്‍ മാഡ്രിഡിന്‍റെ ബ്രസീലിയന്‍ വിങ്ങര്‍ വിനീഷ്യസ് ജൂനിയറിനെതിരായ വംശീയ അധിപേക്ഷം തുടര്‍ക്കഥയാവുന്നു. കോപ്പ ഡെൽ റേ ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും തമ്മിലുള്ള മത്സരത്തിന് മുന്നെ വിനീഷ്യസിന്‍റെ കോലം പാലത്തിന് മുകളിൽ കെട്ടിത്തൂക്കിയ സംഭവം ചര്‍ച്ചയാവുന്നു. 'മാഡ്രിഡ് റയലിനെ വെറുക്കുന്നു' എന്നെഴുതിയ ബാനറിനൊപ്പം റയലിന്‍റെ പരിശീലന ഗ്രൗണ്ടിന് സമീപമുള്ള പാലത്തിലാണ് കോലം കെട്ടിത്തൂക്കിയത്.
അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ ചുവപ്പും വെളുപ്പും നിറങ്ങളിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഭവത്തെ സ്‌പാനിഷ് ലീഗും അത്‌ലറ്റിക്കോയും റയലും അപലപിച്ചു. ഇത്തരം പ്രവൃത്തികള്‍ നിന്ദ്യവും അസ്വീകാര്യവുമാണെന്ന് അത്‌ലറ്റിക്കോ പ്രസ്‌താവനയില്‍ പറഞ്ഞു.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ പലതവണ വിനീഷ്യസ് വംശീയമായി ആക്രമിക്കപ്പെട്ടിട്ടുണ്ട്. മാഡ്രിഡ് ഡെര്‍ബിക്കിടെ അത്‌ലറ്റിക്കോ ആരാധകര്‍ 'കുരങ്ങ്' വിളികളാണ് വിനീഷ്യസിനെതിരെ ഉയര്‍ത്തിയത്. വയ്യാഡോളിഡ് ആരാധകരും വിനീഷ്യസിനെ അധിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെ വംശീയ അധിക്ഷേപങ്ങള്‍ തടയാന്‍ ലാ ലിഗ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിനീഷ്യസ് ജൂനിയര്‍ കുറ്റപ്പെടുത്തിയിരുന്നു.