ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്‌തിയിൽ കരുത്തുകാട്ടി ഇന്ത്യ. വനിതകളുടെ 53 കിലോ വിഭാഗത്തില്‍ വിനേഷ് ഫോഗട്ടും പുരുഷ വിഭാഗം 57 കിലോ ഗ്രാം ഫ്രീ സ്റ്റൈലിൽ ഒളിമ്പിക് മെഡല്‍ ജേതാവ് രവി കുമാര്‍ ദാഹിയയും 74 കിലോഗ്രാം പുരുഷ വിഭാഗത്തിൽ നവീനും സ്വർണത്തിൽ മുത്തമിട്ടു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വിനേഷ് ഫോഗട്ടിന്‍റെ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണവും രവി കുമാറിന്‍റെ ആദ്യ സ്വര്‍ണവുമാണിത്.
റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് എതിരാളികള്‍ക്കെതിരെയും ആധികാരിക ജയവുമായാണ് വിനേഷ് സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലിൽ ശ്രീലങ്കയുടെ ചംബോഡ്യ കേശാനിയെ തോല്‍പ്പിച്ചാണ് വിനേശ് ജയിച്ചു കയറിയത്.
പുരുഷന്‍മാരുടെ 57 കിലോ വിഭാഗത്തിലെ ഏകപക്ഷീയമായ ഫൈനലില്‍ നൈജീരിയയുടെ എബിക്കെവെനിമോ വെല്‍സണെ 10-0 ന് മലര്‍ത്തിയടിച്ചാണ് രവി കുമാര്‍ സ്വര്‍ണം കഴുത്തലണിഞ്ഞത്. ടോക്കിയോ ഒളിമ്പിക്‌സിൽ 57 കിലോ ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ രവി കുമാര്‍ വെള്ളി നേടിയിരുന്നു.