ന്യൂഡല്‍ഹി: ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം (Wrestlers protest) കത്തുന്നു. ഇന്ത്യയ്ക്കായി ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണ മെഡൽ നേടിയ വിനേഷ് ഫോഗട്ട് ദേശീയ പുരസ്‌കാരങ്ങള്‍ ഉപേക്ഷിച്ചു. (Vinesh Phogat leaves Arjuna and Khel Ratna Awards). പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra modi) വസതിയ്‌ക്ക് സമീപമുള്ള കര്‍ത്തവ്യപഥിലെ നടപ്പാതയിലാണ് വിനേഷ് ഫോഗട്ട് തനിക്ക് ലഭിച്ച അർജുന, ഖേൽരത്‌ന പുരസ്‌കാരങ്ങള്‍ ഉപേക്ഷിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് പുരസ്‌കാരങ്ങള്‍ വയ്‌ക്കാന്‍ ശ്രമിച്ച താരത്തെ പൊലീസ് തടഞ്ഞു. ഇതോടെയാണ് കര്‍ത്തവ്യപഥിലെ നടപ്പാതയില്‍ വിനേഷ് പുരസ്‌കാരങ്ങള്‍ വച്ചത്. ഇരു പുരസ്‌കാരങ്ങളും തിരികെ നല്‍കുമെന്ന് 29-കാരിയായ വിനേഷ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയ്‌ക്ക് തുറന്ന കത്ത് എഴുതിയിരുന്നു.
അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമണ പരാതിയില്‍ വനിത ഗുസ്‌തി താരങ്ങള്‍ക്ക് നീതി ലഭിക്കാത്തതില്‍ കടുത്ത നിരാശ പ്രകടമാക്കിയായിരുന്നു വിനേഷിന്‍റെ കത്ത്. 'മെഡൽ നേടുമ്പോൾ ഗുസ്‌തി താരങ്ങൾ രാജ്യത്തിന്‍റെ അഭിമാനമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ അവർ നീതി ആവശ്യപ്പെട്ടപ്പോൾ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയാണ്.
മേജർ ധ്യാൻചന്ദ് ഖേൽരത്‌ന, അർജുന പുരസ്‌കാരങ്ങള്‍ എന്നിവ തനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവയ്‌ക്ക് തന്‍റെ ജീവിതത്തിൽ യാതൊരു അർത്ഥവുമില്ലാതെയായിരിക്കുന്നു. അഭിമാനത്തോടെ ജീവിക്കാനാണ് എല്ലാ സ്‌ത്രീകളും ആഗ്രഹിക്കുന്നത്. അതിനാല്‍ ഈ പുരസ്‌കാരങ്ങള്‍ ഞാന്‍ തിരികെ നല്‍കുകയാണ്. കാരണം അഭിമാനത്തോടെ ജീവിക്കാനുള്ള ശ്രമത്തില്‍ ഈ പുരസ്‌കാരങ്ങള്‍ തങ്ങള്‍ക്ക് ഒരിക്കലും ഒരു ഭാരമാകരുത്' എന്നായിരുന്നു വിനേഷ് തന്‍റെ കത്തില്‍ തുറന്നടിച്ചത്.