റിയാദ് : പോർച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അല്‍ നസ്‌റിനായി ജനുവരി 22ന് അരങ്ങേറ്റം നടത്തുമെന്ന് റിപ്പോര്‍ട്ട്. 37കാരനായ താരത്തെ അൽ നസ്ർ വിജയകരമായി രജിസ്റ്റർ ചെയ്‌തതായാണ് ക്ലബ് വൃത്തങ്ങള്‍ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചത്. ഇതിനായി കാമറൂൺ ക്യാപ്റ്റന്‍ വിൻസെന്‍റ് അബൂബക്കറുമായുള്ള കരാര്‍ ക്ലബ് റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.
സൗദി പ്രോ ലീഗിലെ നിയമം അനുസരിച്ച് ഒരു ക്ലബ്ബിന് പരമാവധി എട്ട് വിദേശ കളിക്കാരെ മാത്രമേ ടീമിലുള്‍പ്പെടുത്താനാകൂ. എന്നാല്‍ അല്‍ നസ്ര്‍ കൊണ്ടുവരുന്ന ഒന്‍പതാം വിദേശതാരമായിരുന്നു ക്രിസ്റ്റ്യാനോ. ഈ സാഹചര്യത്തിലാണ് കാമറൂണ്‍ താരവുമായുള്ള കരാര്‍ അല്‍ നസ്‌ര്‍ റദ്ദാക്കിയത്.
പരസ്പര സമ്മതത്തോടെയാണ് വിൻസെന്‍റ് അബൂബക്കറുമായുള്ള കരാര്‍ അവസാനിപ്പിച്ചതെന്നും താരത്തിന്‍റെ എല്ലാ സാമ്പത്തിക അവകാശങ്ങളും നൽകുകയും ചെയ്തുവെന്നും ക്ലബ് വൃത്തങ്ങൾ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ലോകകപ്പ് ഹീറോയായ വിന്‍സെന്‍റ് അബൂബക്കറിനായി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്തുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. ഖത്തര്‍ ലോകകപ്പിൽ ബ്രസീലിനെതിരെ കാമറൂണിന്‍റെ വിജയഗോൾ നേടിയ വിന്‍സെന്‍റ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
Also read:Watch: കളിച്ചില്ലെങ്കിലും കണ്ണഞ്ചിപ്പിച്ച് ക്രിസ്റ്റ്യാനോ; ട്രെയിനിങ് റൂമിലെ ഗോള്‍ ആഘോഷം വൈറല്‍
അതേസമയം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചുവെങ്കിലും പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണ്‍ ആരാധകന്‍റെ മൊബൈൽ ഫോൺ തകർത്ത സംഭവത്തില്‍ ഒരു മത്സരത്തില്‍ കൂടി വിലക്കുള്ളതിനാലാണ് ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം നീണ്ടത്. റെക്കോഡ് തുകയ്‌ക്ക് സ്വന്തമാക്കിയ ക്രിസ്റ്റ്യാനോയെ കഴിഞ്ഞ ചൊവ്വാഴ്‌ച അൽ നസ്ർ ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചിരുന്നു. ഹോം ഗ്രൗണ്ടായ മർസൂൽ പാർക്കിലാണ് അവതരണം നടന്നത്.