മ്യൂണിക്: ജർമ്മൻ വമ്പൻമാരായ ബയേൺ മ്യുണിക് ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ കാണാതെ പുറത്തായി. ബയേണിന്‍റെ മൈതാനമായ അലയന്‍സ് അരീനയില്‍ നടന്ന രണ്ടാം പാദ ക്വാര്‍ട്ടറില്‍ വിയ്യാറയലിനോട് 1-1 ന്‍റെ സമനില വഴങ്ങിയതാണ് ബയേണിന്‍റെ സെമി മോഹങ്ങൾക്ക് തിരിച്ചടിയായത്. ആദ്യ പാദത്തില്‍ സ്വന്തം മൈതാനത്ത് ബയേണിനെ 1-0ന് പരാജയപ്പെടുത്തിയതാണ് വിയ്യാറയലിന് തുണയായത്. ഇരുപാദങ്ങളിലുമായി 2-1 ന്‍റെ ജയം.
ആദ്യ പാദത്തിലെ വിജയത്തിന്‍റെ ബലത്തിൽ വിയ്യറയൽ പ്രതിരോധ മതിൽ തീർത്ത് കൊണ്ടാണ് കളിച്ചത്. ഉനായ് എമെറിയുടെ ഈ തന്ത്രം താരങ്ങൾ കളത്തിൽ പ്രാവർത്തികമാക്കിയതോടെ ബയേണിന് മികച്ച അവസരങ്ങൾ സൃഷ്‌ടിക്കാനായില്ല.
പക്ഷെ രണ്ടാം പകുതിയിൽ കഥ മാറി. സ്‌പാനിഷ് ഗോൾമുഖത്തേക്ക് നിരന്തരം ആക്രമണം നടത്തിയ ബയേൺ 52-ാം മിനിറ്റിൽ ലെവന്‍ഡോസ്‌കിയിലൂടെ സമനില കണ്ടെത്തി. എന്നാൽ മത്സരത്തിന്‍റെ ഗതിക്ക് വിപരീതമായി 88-ാം മിനിറ്റിൽ ബയേണിനെ ഞെട്ടിച്ച ഗോൾ വന്നു. ജെറാര്‍ഡ് മൊറീനോ നല്‍കിയ നല്‍കിയ പാസ് ചുക്‌വുസെ ബയേണ്‍ വലയിലെത്തിച്ചു.
ALSO READ:ചാമ്പ്യന്‍സ് ലീഗ് : ചെൽസിയോട് തോറ്റിട്ടും റയൽ ചാമ്പ്യന്‍സ് ലീഗ് സെമിയിൽ
പിന്നീടുള്ള സമയം ബയേണിന്‍റെ കടുത്ത ആക്രമണങ്ങള്‍ പ്രതിരോധിച്ച വിയ്യാറയല്‍ അർഹിക്കുന്ന സെമി ഫൈനൽ ടിക്കറ്റ് സ്വന്തമാക്കി. ഇത് രണ്ടാം തവണ മാത്രമാണ് വിയ്യാറയല്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഇടം പിടിക്കുന്നത്. ഇതിനു മുമ്പ് 2005-06 സീസണിലായിരുന്നു ടീമിന്‍റെ സെമി പ്രവേശനം.