ദുബായ്:പ്രൊഫഷണല്‍ ബോക്സിങ് മത്സരത്തില്‍ ഇന്ത്യയുടെ വിജേന്ദർ സിങിന് വീണ്ടും ജയം. കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനും ഘാനയുടെ താരവുമായ ചാള്‍ അദമുവിനെയാണ് താരം പരാജയപ്പെടുത്തിയത്. വിജേന്ദറിന്‍റെ തുടർച്ചയായ 12-ാം ജയമാണ് ഇത്. വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തിന്‍റെ തുടക്കം മുതല്‍ ഇന്ത്യന്‍ താരം ആധിപത്യം പുലർത്തിയിരുന്നു. തുടർന്ന് 34 കാരനായ അദ്ദേഹത്തെ ഐകകണ്‌ഠേന വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. തന്നെ വിശ്വസിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് വിജേന്ദർ മത്സര ശേഷം ട്വീറ്റ് ചെയ്തു.
കോമണ്‍വെല്‍ത്ത് വിജയിയെ ഇടിച്ചിട്ട് വിജേന്ദര്‍ സിങ് - Vijender Singh news
പ്രൊഫഷണല്‍ ബോക്സിങ് മത്സരത്തില്‍ മുന്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യനും ഘാനയുടെ താരവുമായ ചാള്‍ അദമുവിനെയാണ് വിജേന്ദർ പരാജയപെടുത്തിയത്
ഈ വർഷത്തെ രണ്ടാമത്തെ വിജയമാണിത്. കഴിഞ്ഞ ഓഗസ്‌റ്റില്‍ യുഎസില്‍ നടന്ന മത്സരത്തില്‍ മൈക്ക് സ്‌നൈഡറിനെ അദ്ദേഹം തോല്‍പ്പിച്ചിരുന്നു. ഡബ്ല്യുബിഒ ഏഷ്യ പസഫിക്, ഓറിയന്റൽ സൂപ്പർ മിഡിൽവെയ്റ്റ് ചാമ്പ്യന്‍ കൂടിയാണ് വിജേന്ദർ.
47 തവണ റിങ്ങില്‍ ഇറങ്ങിയതിന്‍റെ അനുഭവ പരിചയവുമായാണ് എതിരാളി അദമു മത്സരത്തിന് ഇറങ്ങിയത്. ഇതില്‍ 33 എണ്ണത്തില്‍ അദാമു ജയിച്ചു. ഇവയില്‍ 26 എണ്ണം നോക്ക് ഔട്ട് വിജയങ്ങളായിരുന്നു. 1998-ല്‍ കോലാലംപൂരില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അദാമു വെങ്കലമെഡല്‍ നേടിയിരുന്നു. 2001-ലായിരുന്നു അദ്ദേഹത്തിന്‍റെ അരങ്ങേറ്റം. രണ്ട് തവണ കോമണ്‍വെല്‍ത്ത് സൂപ്പർ മിഡ് വെയിറ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്.