ഹോ ചി മിന്‍ സിറ്റി:വിയറ്റ്‌നാമിനെതിരായ സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യക്ക് കനത്ത തോൽവി. വിയറ്റ്‌നാമിലെ ഹോ ചി മിൻ സിറ്റിയിലെ തോങ് നാട്ട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അതിഥേയർ ഇന്ത്യയെ തകർത്തത്. വിയറ്റ്‌നാമിനായി ഫാന്‍ വാന്‍ ഡുക്, എന്‍ഗുയെന്‍ വാന്‍ ടോവാന്‍, എന്‍ഗുയെന്‍ വാന്‍ ക്യൂയത്ത് എന്നിവരാണ് ഗോളുകൾ നേടിയത്.
സൗഹൃദ ഫുട്‌ബോൾ മത്സരം; വിയറ്റ്‌നാമിനെതിരെ ഇന്ത്യക്ക് കൂറ്റൻ തോൽവി - ഇന്ത്യ തോൽവി വഴങ്ങി
വിയറ്റ്‌നാമിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോൽവി വഴങ്ങിയത്
മത്സരത്തിൽ മികച്ച ടീമിനെയാണ് ഇന്ത്യ അണിനിരത്തിയത്. എന്നാൽ വിജയം മാത്രം സ്വന്തമാക്കാൻ സാധിച്ചില്ല. മത്സരത്തിന്‍റെ 10-ാം മിനിറ്റില്‍ തന്നെ വാന്‍ ഡുക്കിലൂടെ വിയറ്റ്‌നാം ലീഡെടുത്തു. കോര്‍ണറിലൂടെയാണ് ഗോള്‍ പിറന്നത്. സമനില ഗോളിനായി ഇന്ത്യ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വിയറ്റ്നാം പ്രതിരോധത്തെ മറികടക്കാനായില്ല. ഇതോടെ ഒരു ഗോൾ ലീഡുമായി വിയറ്റ്‌നാം ആദ്യ പകുതിയിൽ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് വിയറ്റ്‌നാം രണ്ടാം ഗോൾ സ്വന്തമാക്കി. വാന്‍ ടോവാനാണ് ഇത്തവണ ഗോൾ നേടിയത്. പിന്നാലെ 71-ാം മിനിറ്റിൽ വാൻ ക്യൂയത്തിലൂടെ വിയറ്റ്‌നാം തങ്ങളുടെ മൂന്നാം ഗോളും സ്വന്തമാക്കി വിജയം ഉറപ്പിച്ചു. മലയാളി താരങ്ങളായ ആഷിഖ് കുരുണിയൻ, സഹൽ അബ്‌ദുൾ സമദ് എന്നിവർ മത്സരത്തിന്‍റെ ആദ്യ ഇലവനിലും രാഹുൽ കെപി 86-ാം മിനിറ്റിലും മൈതാനത്തെത്തിയിരുന്നു.