മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസോടെ ഗ്രാന്‍ഡ് സ്ലാം കരിയര്‍ അവസാനിപ്പിച്ച ഇന്ത്യന്‍ ഇതിഹാസം സാനിയ മിര്‍സയ്ക്ക് ആശംസകളുമായി ബെലാറസ് താരം വിക്‌ടോറിയ അസരങ്ക. ട്വിറ്ററിലൂടെയാണ് 32കാരിയായ വിക്‌ടോറിയ സാനിയക്ക് ആശംസകള്‍ അറിയിച്ചത്. വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായതിന് സാനിയയ്‌ക്ക് നന്ദി പറയുന്നതായി വിക്‌ടോറിയ ട്വിറ്ററില്‍ കുറിച്ചു.
"സാനിയ മിര്‍സ, നിങ്ങളുടെ കരിയറിന് അഭിനന്ദനങ്ങള്‍. വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായതിന് നന്ദി. ഞാന്‍ നിങ്ങളെ ഉടന്‍ കാണും, എന്നാല്‍ കോര്‍ട്ടിലെ നിങ്ങളുടെ സന്തോഷ കണ്ണീര്‍ എന്നെയും കരയിപ്പിച്ചു", വിക്‌ടോറിയ കുറിച്ചു.
രണ്ട് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായ വിക്‌ടോറിയ അസരങ്കയെ തന്‍റെ കരിയറിന്‍റെ തുടക്ക കാലത്ത് സാനിയ പരാജയപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്‍റെ മിക്‌സഡ് ഡബിൾസ് ഫൈനലിലെ തോല്‍വിയോടെയാണ് സാനിയ മിർസ തന്‍റെ ഗ്രാൻഡ്‌സ്ലാം കരിയറിന് അന്ത്യം കുറിച്ചത്.
രോഹൻ ബൊപ്പണ്ണയ്‌ക്കൊപ്പം കളിക്കാനിറങ്ങിയ സാനിയയെ ബ്രസീലിന്‍റെ ലയുസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യമാണ് തോല്‍പ്പിച്ചത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് സാനിയ-ബൊപ്പണ്ണ സഖ്യം ബ്രസീല്‍ താരങ്ങളോട് കീഴടങ്ങിയത്. അടുത്ത മാസം നടക്കുന്ന ദുബായ് ഓപ്പണോടെ ടെന്നിസ് അവസാനിപ്പിക്കുമെന്ന് അറിയിച്ച സാനിയ ഇത് തന്‍റെ അവസാന ഗ്രാൻഡ്‌സ്ലാം ആയിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ രണ്ട് തവണ മെല്‍ബണില്‍ കിരീടം ചൂടാന്‍ സാനിയയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. 2009ൽ മഹേഷ് ഭൂപതിക്കൊപ്പം മിക്‌സഡ് ഡബിൾസിലും 2016ൽ മാര്‍ട്ടിന ഹിന്‍ഗിസിനൊപ്പം വനിത ഡബിൾസിലുമാണ് സാനിയ കിരീടം നേടിയത്. മത്സര ശേഷം ഏറെ വികാരനിര്‍ഭരമായാണ് സാനിയ ഗ്രാന്‍ഡ്സ്ലാമിനോട് വിടപറച്ചില്‍ നടത്തിയത്. ഒരു ഘട്ടത്തില്‍ കണ്ണീര്‍ പൊഴിച്ച സാനിയ ഇത് ദുഃഖത്തിന്‍റേതല്ല സന്തോഷത്തിന്‍റേതാണെന്ന് പറയുകയും ചെയ്‌തിരുന്നു.