മാഡ്രിഡ്:ഇന്ത്യൻ ചെസ് ലോകത്ത് ചരിത്ര നേട്ടവുമായി വൈശാലി രമേഷ്ബാബു (Vaishali Rameshbabu). ഇന്ത്യയുടെ മൂന്നാമത്തെ വനിത ഗ്രാൻഡ്‌മാസ്റ്ററെന്ന നേട്ടമാണ് ചെസ് സെന്‍സേഷന്‍ ആർ പ്രജ്ഞാനന്ദയുടെ(R Praggnanandhaa) സഹോദരിയായ വൈശാലി സ്വന്തമാക്കിയത്. എല്ലോബ്രെഗട്ട് 2023 ഓപ്പണിനിടെയാണ് ഗ്രാൻഡ്‌മാസ്റ്റര്‍ യോഗ്യതയ്‌ക്കായുള്ള അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍റെ (International Chess Federation) 2500 റേറ്റിങ് പോയിന്‍റ് 20-കാരി മറികടന്നത്.
സ്‌പെയ്‌നിലാണ് ടൂര്‍ണമെന്‍റ് നടന്നത്. കൊനേരു ഹംപി (Koneru Humpy), ഹരിക ദ്രോണവല്ലി (Harika Dronavalli) എന്നിവരാണ് വൈശാലി രമേഷ്ബാബുവിന് മുന്നെ ഗ്രാൻഡ്‌മാസ്റ്റര്‍ പട്ടം ചൂടിയ ഇന്ത്യയുടെ മറ്റ് വനിത താരങ്ങള്‍ (Vaishali Rameshbabu becomes India's third female chess grandmaster). പുതിയ നേട്ടത്തോടെ ഇളയ സഹോദരനൊപ്പം ഒരു അപൂര്‍വ റെക്കോഡ് സ്വന്തമാക്കാനും വൈശാലി രമേഷ്ബാബുവിന് കഴിഞ്ഞു.
ഗ്രാൻഡ്‌മാസ്റ്റര്‍മാരായി മാറുന്ന ചരിത്രത്തിലെ ആദ്യ സഹോദരങ്ങളാണ് വൈശാലിയും പ്രജ്ഞാനന്ദയും (Vaishali Rameshbabu R Praggnanandhaa First Grandmaster sibling Duo). വൈശാലി രമേഷ്ബാബുവിന്‍റെ വ്യക്തിഗത നേട്ടത്തേയും പ്രജ്ഞാനന്ദയ്‌ക്കൊപ്പമുള്ള റെക്കോഡിനേയും അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെ നിരവധി പേര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റിട്ടിട്ടുണ്ട്.