ടോക്കിയോ:ഒളിമ്പ്യന്‍മാര്‍ വാക്‌സിനേഷന് വിധേയരാകേണ്ടി വരുമെന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി ചെയര്‍മാന്‍ തോമസ് ബാക്ക്. ടോക്കിയോ ഒളിമ്പിക്‌സിന്‍റെ പശ്ചാത്തലത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് ദിവസത്തെ കൂടിക്കാഴ്‌ചക്കായാണ് അദ്ദേഹം ജപ്പാനില്‍ എത്തിയത്. ജപ്പാനിലെ പൊതുജനങ്ങളുടെ സുരക്ഷയെ കരുതിയാണ് ഇത്തരമൊരു നടപടിക്ക് ഒളിമ്പിക് കമ്മിറ്റി മുന്‍കൈ എടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ ലഭ്യമാകുന്ന മുറക്ക് ഇക്കാര്യം പ്രാബല്യത്തില്‍ വരുത്താനാണ് ഐഒസി ലക്ഷ്യമിടുന്നത്. ഒളിമ്പിക് വേദികളില്‍ എത്തുന്നവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനാണ് ഐഒസിയുടെ നീക്കം. വാക്‌സിനേഷന്‍ യാഥാര്‍ത്ഥ്യമാകുന്നതിലൂടെ ഒളിമ്പിക് വേദികളിലെ ഗാലറികള്‍ നിറയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവെച്ചശേഷം ആദ്യമായാണ് തോമസ് ബാക്ക് ജപ്പാനില്‍ എത്തുന്നത്. എട്ട് മാസം മുമ്പാണ് അദ്ദേഹം അവസാനമായി ടോക്കിയോ സന്ദര്‍ശിച്ചത്. 15,400 മത്സരാര്‍ത്ഥികളും പരിശീലകരും ഒഫീഷ്യല്‍സും വിധികര്‍ത്താക്കളും സ്‌പോണ്‍സര്‍മാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ 10,000ത്തില്‍ അധികം പേരും ഒളിമ്പിക്‌സിനായി എത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. അടുത്ത വര്‍ഷം ജൂലൈ 23ന് ആരംഭിച്ച് ഓഗസ്റ്റ് എട്ടിന് സമാപിക്കുന്ന രീതിയിലാണ് ഒളിമ്പിക്‌സ് വിഭാവനം ചെയ്‌തിരിക്കുന്നത്.
ഒരു ഘട്ടത്തില്‍ കൊവിഡ് 19 വ്യാപകമായ ജപ്പാനില്‍ ഇതിനകം 1,900 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. ഇതേ തുടര്‍ന്ന് രാജ്യാതിര്‍ത്തി വ്യാപകമായി അടച്ച ജപ്പാന്‍ മാസ്‌ക് ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതു ഇടങ്ങളില്‍ മാസ്‌ക് ഉപയോഗിക്കുന്നത് 100 ശതമാനം ഉറപ്പുവരുത്തുകയാണ് ജപ്പാന്‍ സര്‍ക്കാര്‍.