ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച ഇതിഹാസ താരം സെറീന വില്യംസിന്‍റെ ആദ്യ റൗണ്ട് മത്സരം കാണാനെത്തിയത് റെക്കോഡ് ആരാധകര്‍. ആർതർ ആഷെ സ്റ്റേഡിയത്തില്‍ 29,402 ആരാധകരാണ് സെറീനയുടെ മത്സരം കാണാനെത്തിയത്. ഒരു സായാഹ്ന സെഷനിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കണക്കാണിത്.
23 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ സെറീനയുടെ മകള്‍ ഒളിമ്പിയ അടക്കമുള്ള കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. മത്സരത്തില്‍ മോണ്ടിനെഗ്രോയുടെ ഡാങ്ക കോവിനിച്ചിനെ തകര്‍ത്ത 40കാരിയായ സെറീന രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ലോക 80-ാം നമ്പറായ മോണ്ടിനെഗ്രോ താരത്തെ സെറീന വില്യംസ് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 6-3. വിജയത്തോടെ ഓപ്പൺ കാലഘട്ടത്തില്‍ കൗമാരത്തിലും, 20, 30, 40 വയസുകളിലും മത്സരങ്ങള്‍ ജയിക്കുന്ന നാലാമത്തെ വനിതയാവാനും സെറീനയ്‌ക്ക് കഴിഞ്ഞു. വീനസ് വില്യംസ്, മാർട്ടിന നവരത്തിലോവ, കിമിക്കോ ഡേറ്റ് തുടങ്ങിയ ഇതിഹാസങ്ങളാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്.
ലഭിക്കുന്നതെല്ലാം തനിക്ക് വലിയ ബോണസാണെന്ന് മത്സര ശേഷം സെറീന പറഞ്ഞു. വിജയം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വിരമിക്കലിനെക്കുറിച്ചല്ല, ഇപ്പോഴത്തെ മത്സരങ്ങളെ കുറിച്ചാണ് ചിന്തിക്കുന്നത്. ഈ നിമിഷത്തിൽ ജീവിക്കുന്നത് നല്ലതാണെന്നാണ് താന്‍ കരുതുന്നത്. കളിക്കളത്തിലുള്ളിടത്തോളം പിന്തുണയ്‌ക്കുന്നത് തുടരാനും സെറീന ആരാധകരോട് അഭ്യർഥിച്ചു.