ന്യൂയോര്‍ക്ക് : യു എസ് ഓപ്പണ്‍ വനിത സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിറ്റെക്കിന് കന്നിക്കിരീടം. ആര്‍തര്‍ ആഷസ് സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ അഞ്ചാം സീഡ് താരം ഒൻസ് ജാബ്യൂറിനെ തകര്‍ത്താണ് ഇഗ കരിയറിലെ മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ഇഗയുടെ വിജയം. സ്‌കോര്‍: 6-2, 7-5
മത്സരത്തിന്‍റെ ആദ്യ സെറ്റ് ആധികാരികമായാണ് ഇഗ സ്വന്തമാക്കിയത്. സെറ്റില്‍ ലോക ഒന്നാം നമ്പര്‍ താരത്തിന് ഒരു ഘട്ടത്തില്‍പ്പോലും വെല്ലുവിളിയാകാന്‍ ജാബ്യൂറിന് സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം സെറ്റ് ഇഗയ്‌ക്ക് എളുപ്പമായിരുന്നില്ല.
രണ്ടാം സെറ്റില്‍ മികച്ച തിരിച്ചുവരവാണ് ഒൻസ് ജാബ്യൂര്‍ നടത്തിയതെങ്കിലും ജയം മാത്രം അകന്നുനിന്നു. ടൈ ബ്രേക്കറിനൊടുവില്‍ 7-5 എന്ന സ്‌കോറിന് സെറ്റ് സ്വന്തമാക്കിയാണ് ഇഗ സ്വിറ്റെക്ക് യു എസ് ഓപ്പണ്‍ കിരീടത്തില്‍ ആദ്യമായി മുത്തമിട്ടത്. രണ്ട് തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയിട്ടുള്ള താരം കൂടിയാണ് ഇഗ.
നേരത്തെ രണ്ടാം സെമിയില്‍ ബെലാറസിൽ നിന്നുള്ള ആറാം സീഡ് താരം അരിന സബലെങ്കയെ മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് പോളിഷ് താരമായ ഇഗ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് കൈവിട്ട ഇഗ പിന്നില്‍ നിന്നും പൊരുതിക്കയറുകയായിരുന്നു. സ്‌കോര്‍: 3-6, 6-1, 6-4. അതേസമയം വനിത സിംഗിള്‍സിലെ ആദ്യ സെമിയില്‍ ഫ്രഞ്ച് താരം കരോളിൻ ഗാർഷ്യയെയാണ് ഒൻസ് ജാബ്യൂർ തോല്‍പ്പിച്ചത്.