മൊണാക്കോ : ഹെർണിയ ശസ്ത്രക്രിയയ്ക്ക് ശേഷം ഒന്നോ രണ്ടോ മാസത്തേക്ക് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് യുഎസ് ഓപ്പൺ ചാമ്പ്യൻ ഡാനിൽ മെദ്‌വദേവ്. അടുത്തിടെ നടന്ന മത്സരങ്ങളില്‍ ഹെർണിയയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളുമായാണ് താന്‍ കളത്തിലിറങ്ങിയത്. ടീമുമായി കൂടിയാലോചിച്ച ശേഷം ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനാവാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും രണ്ടാം റാങ്കുകാരനായ താരം ട്വിറ്ററിലൂടെ അറിയിച്ചു.
ഇതോടെ ഇക്കാലയളവില്‍ നടക്കുന്ന ഗ്രാൻഡ് സ്ലാം ടൂർണമെന്‍റായ ഫ്രഞ്ച് ഓപ്പൺ മെദ്‌വദേവിന് നഷ്ടമാകും. റോളണ്ട് ഗാരോസിൽ കഴിഞ്ഞ വർഷം ക്വാർട്ടർ ഫൈനലിലെത്താന്‍ താരത്തിനായിരുന്നു. മെയ് 22-നാണ് ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കുന്നത്.
എടിപി റാങ്കിങ്ങില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ 26 കാരനായ റഷ്യൻ താരത്തിനായിരുന്നു. എന്നാല്‍ പുതിയ റാങ്കിങ്ങില്‍ നൊവാക് ജോക്കോവിച്ച് ഒന്നാം സ്ഥാനം തിരിച്ച് പിടിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ യുഎസ് ഓപ്പൺ ഫൈനലിൽ ജോക്കോവിച്ചിനെ തോൽപ്പിച്ച മെദ്‌വദേവ്, ജനുവരിയിൽ ഓസ്‌ട്രേലിയൻ ഓപ്പണിന്‍റെ ഫൈനലിൽ റാഫേൽ നദാലിനോട് പരാജയപ്പെട്ടിരുന്നു.
also read: IPL 2022 | സീസണിലെ ആദ്യ സെഞ്ച്വറിക്കൊപ്പം ബട്‌ലര്‍ക്ക് മറ്റൊരു റെക്കോഡ്
അതേസമയം അടുത്തിടെ നടന്ന ഇന്ത്യന്‍ വെല്‍സിലും മിയാമി ഓപ്പണിലും മികച്ച പ്രകടനം നടത്താന്‍ താരത്തിനായിരുന്നില്ല. ഇന്ത്യൻ വെൽസിൽ രണ്ടാം റൗണ്ടില്‍ പുറത്തായ മെദ്‌വദേവിന് മിയാമി ഓപ്പണിന്‍റെ ക്വാർട്ടർ ഫൈനലിലും അടിപതറി.