ന്യൂയോര്‍ക്ക്:നിലവിലെ ചാമ്പ്യന്‍ കാര്‍ലോസ് അല്‍ക്കാരസിനെ വീഴ്‌ത്തി ഡാനില്‍ മെദ്‌വദേവ് യുഎസ് ഓപ്പണ്‍ ഫൈനലില്‍ (Daniil Medvedev Beat Carlos Alcaraz in US Open 2023). സെമിയില്‍ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് റഷ്യന്‍ താരം മെദ്‌വദേവ് അല്‍ക്കാരസിന് മടക്ക ടിക്കറ്റ് നല്‍കിയത്. ഫൈനലില്‍ (US Open Final) സെര്‍ബിയന്‍ ഇതിഹാസം നൊവാക്ക് ജോക്കോവിച്ചിനെയാണ് (Novak Djokovic) മെദ്‌വദേവ് നേരിടുക. സ്‌കോര്‍: 7-6, 6-1, 3-6, 6-3
യുഎസ് ഓപ്പണ്‍ കിരീടം നിലനിര്‍ത്തണമെന്ന മോഹവുമായെത്തിയ അല്‍ക്കാരസിനെ മത്സരത്തിന്‍റെ ആദ്യ സെറ്റില്‍ തന്നെ വെള്ളം കുടിപ്പിക്കാന്‍ ഡാനില്‍ മെദ്‌വദേവിന് സാധിച്ചിരുന്നു. ടൈ ബ്രേക്കറില്‍ എത്തിച്ച ശേഷമാണ് ആദ്യ സെറ്റ് മെദ്‌വദേവ് നേടിയത്. ഇതേ പ്രകടനം രണ്ടാം സെറ്റിലും ആവര്‍ത്തിക്കാന്‍ റഷ്യന്‍ താരത്തിനായി.
ആധികാരികമായാണ് മെദ്‌വദേവ് രണ്ടാം സെറ്റ് തന്‍റെ പേരിലാക്കിയത്. തുടക്കത്തില്‍ തന്നെ 3 ഗെയിമുകള്‍ സ്വന്തമാക്കാന്‍ മെദ്‌വദേവിനായി. പിന്നാലെ, അല്‍ക്കാരസ് തിരിച്ചടിച്ചെങ്കിലും 1-6 എന്ന സ്‌കോറിന് സെറ്റ് കൈവിടേണ്ടി വരികയായിരുന്നു.
ആദ്യ രണ്ട് സെറ്റും നഷ്‌ടമായെങ്കിലും മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചടിക്കാന്‍ അല്‍ക്കാരസിനായി. ചാമ്പ്യന്‍ പോരാട്ടം അല്‍ക്കാരസ് കാഴ്‌ചവെച്ച സെറ്റില്‍ 3-6 എന്ന സ്‌കോറിനാണ് മെദ്‌വദേവ് കളം വിട്ടത്. ഇതോടെ, ഏറെ നിര്‍ണായകമായ നാലാം സെറ്റില്‍ വീണ്ടും മികവ് കാട്ടി മെദ്‌വദേവ് മത്സരം സ്വന്തമാക്കി ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.