ദോഹ : ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എച്ചിലെ പോരാട്ടത്തിൽ ഉറുഗ്വായെ സമനിലയിൽ തളച്ച് ദക്ഷിണ കൊറിയ. ഇരു ടീമുകൾക്കും ഒട്ടേറെ അവസരം ലഭിച്ചെങ്കിലും മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. പന്തടക്കത്തിലും ഷോർട്ട്സ് ഓണ്‍ ടാർഗറ്റുകളിലും ലൂയിസ് സുവാരസിന്‍റെ ഉറുഗ്വയായിരുന്നു മുന്നിൽ എങ്കിലും ഗോൾ മാത്രം നേടാൻ അവർക്കായില്ല.
മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ആധിപത്യം ദക്ഷിണ കൊറിയയ്‌ക്കായിരുന്നു. അവരുടെ വേഗത്തിനൊപ്പം പിടിക്കാൻ ഉറുഗ്വായ് നന്നേ പാടുപെട്ടു. എങ്കിലും ഇരുകൂട്ടരും ഗോൾ നേടുന്നതിനായി നിരവധി അവസരങ്ങൾ സൃഷ്‌ടിച്ചു. പക്ഷേ കിട്ടിയ അവസരങ്ങൾ ഇരു ടീമുകളും മത്സരിച്ച് പാഴാക്കുന്നതാണ് കാണാനായത്. ഇതോടെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.