മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെ നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല. തന്‍റെ നവജാത ഇരട്ടകളിൽ ഒരാളുടെ മരണത്തെ തുടർന്നാണ് താരം കളിക്കളത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നത്. ഇക്കാര്യം യുണൈറ്റഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
“കുടുംബമാണ് എല്ലാത്തിനേക്കാളും പ്രധാനം, ഈ പ്രയാസകരമായ സമയത്ത് റൊണാൾഡോ തന്‍റെ പ്രിയപ്പെട്ടവരെ പിന്തുണയ്ക്കുകയാണ്” യുണൈറ്റഡ് പ്രസ്താവനയിൽ പറഞ്ഞു. ബുധനാഴ്‌ച പുലര്‍ച്ചെ 12.30നാണ് ലിവർപൂളിന്‍റെ തട്ടകമായ ആൻഫീൽഡിൽ ചിരവൈരികള്‍ ഏറ്റുമുട്ടുന്നത്.
അതേസമയം തിങ്കളാഴ്ചയാണ് കുട്ടിയുടെ മരണം റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും അറിയിച്ചത്. ''ഞങ്ങളുടെ മകൻ മരിച്ചവിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. ഏതൊരു മാതാപിതാക്കൾക്കും ഏറ്റവും വലിയ വേദന ഉണ്ടാക്കുന്നതാണിത്. ഞങ്ങളുടെ പെൺകുട്ടിയുടെ ജനനമാണ് ഈ നിമിഷത്തിൽ ജീവിക്കാനുള്ള ശക്തി പകരുന്നത്.
also read: നെതർലൻഡ്‌സ് പരിശീലകൻ റയാൻ കാംബെൽ ഐസിയുവിൽ
ഡോക്‌ടർമാരോടും നഴ്‌സുമാരോടും അവരുടെ സേവനത്തിനും കരുതലിനുമുള്ള നന്ദി അറിയിക്കുന്നു.ഈ നഷ്‌ടത്തിൽ ഞങ്ങളെല്ലാവരും തകർന്നിരിക്കുകയാണ്. പ്രയാസമേറിയ ഈ സമയത്ത് ഞങ്ങള്‍ നിങ്ങളോട് സ്വകാര്യത ആവശ്യപ്പെടുന്നു. പ്രിയപ്പെട്ട മകനേ, നീ ഞങ്ങളുടെ മാലാഖയായിരുന്നു. ഞങ്ങൾ എപ്പോഴും നിന്നോടൊപ്പമുണ്ട്'' - ക്രിസ്റ്റ്യാനോ ട്വീറ്റ് ചെയ്‌തു.