സൂറിച്ച് : യുക്രൈനെതിരെ ശക്‌തമായ ആക്രമണം തുടരുന്ന റഷ്യക്ക് കായികലോകത്ത് വീണ്ടും തിരിച്ചടി. റഷ്യയുടെയും സഖ്യ രാജ്യമായ ബെലാറുസിന്‍റെയും അത്‌ലറ്റുകളെ മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കാന്‍ വേള്‍ഡ് അത്‌ലറ്റിക്‌സ് കൗൺസിൽ തീരുമാനിച്ചു. വേള്‍ഡ് അത്‌ലറ്റിക്‌സ് ഭരണസമിതി യോഗം ചേര്‍ന്നാണ് അത്‌ലറ്റുകളെ വിലക്കാനുള്ള തിരുമാനമെടുത്തത്.
റഷ്യയില്‍ നിന്നും ബെലാറുസില്‍ നിന്നുമുള്ള എല്ലാ അത്‌ലറ്റുകള്‍ക്കും സപ്പോര്‍ട്ടീവ് സ്റ്റാഫിനും ഒഫീഷ്യലുകള്‍ക്കും ലോക അത്‌ലറ്റിക്‌സുമായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളിലും വിലക്ക് ബാധമായിരിക്കും. വിലക്ക് പ്രാബല്യത്തില്‍ വന്നതായി വേള്‍ഡ് അത്‌ലറ്റിക്‌സ് കൗൺസിൽ വ്യക്തമാക്കി.
ഉത്തേജക ഉപയോഗത്തിന്‍റെ പേരില്‍ റഷ്യന്‍ ഫെഡറേഷന് 2015 മുതല്‍ മത്സരങ്ങളിൽ വിലക്കാണ്. അതുകൊണ്ടുതന്നെ റഷ്യക്ക് നിലവില്‍ ലോക അത്‌ലറ്റിക്‌സിന് ആതിഥേയത്വം വഹിക്കാനോ റഷ്യന്‍ ദേശീയ പതാകക്ക് കീഴില്‍ താരങ്ങള്‍ക്ക് പങ്കെടുക്കാനോ സാധിച്ചിരുന്നില്ല.
ALSO READ:Ukraine - Russia conflict | യുക്രൈന് പിന്തുണയുമായി പോര്‍ച്ചുഗീസ് ലീഗും, കണ്ണീരണിഞ്ഞ് യാരേംചുക്
വേള്‍ഡ് അത്‌ലറ്റിക്‌സ് കൗൺസിലിന്‍റെ വിലക്ക് നിലവിൽ വന്നതോടെ ഈ വര്‍ഷം ഒറിഗോണില്‍ നടക്കുന്ന വേള്‍ഡ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, ബെല്‍ഗ്രേഡില്‍ നടക്കുന്ന വേള്‍ഡ് അത‌്ലറ്റിക് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ്, മസ്‌കറ്റില്‍ ഈ മാസം നാലിന് ആരംഭിക്കുന്ന വേള്‍ഡ് അത്‌ലറ്റിക് റേസ് വാക്കിംഗ് ടീം ചാമ്പ്യന്‍ഷിപ്പിലും റഷ്യയുടെയും ബെലാറുസിന്‍റെയും താരങ്ങള്‍ക്ക് പങ്കെടുക്കാനാവില്ല. അടുത്ത ആഴ്‌ച നടക്കുന്ന കൗൺസിൽ യോഗത്തിൽ ബെലാറുസ് ഫെഡറേഷന്‍റെ സസ്പെൻഷൻ ഉൾപ്പടെയുള്ള കൂടുതൽ നടപടികൾ പരിഗണിക്കുമെന്നും കൗൺസിൽ അറിയിച്ചു.