ഹൈദരാബാദ് :യുകെ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനായ ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പോസ്‌റ്റുകള്‍ ഇട്ടത്. ഇതിനിടെയാണ് സമൂഹമാധ്യമങ്ങളിലെ ചില വിരുതന്മാര്‍ അദ്ദേഹത്തിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആശിഷ് നെഹ്‌റയുടെ മുഖ സാദൃശ്യമുണ്ടെന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇരുവരുടെയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ; ആശിഷ് നെഹ്റയ്‌ക്ക് 'അഭിനന്ദന'പ്രവാഹം - ആശിഷ് നെഹ്റ
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ആശിഷ് നെഹ്‌റയും തമ്മില്‍ മുഖസാദൃശ്യം കണ്ടെത്തിയ വിരുതന്മാരാണ് രസകരമായ പോസ്‌റ്റുകള്‍ ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്
രസകരമായ അടിക്കുറിപ്പുകളും നല്‍കിയായിരുന്നു പലരും ആശിഷ് നെഹ്റയുടെ ചിത്രങ്ങള്‍ പോസ്‌റ്റ് ചെയ്‌തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ആശിഷ് നെഹ്‌റ നില്‍ക്കുന്ന എഡിറ്റ് ചെയ്‌ത ചിത്രം പങ്കുവച്ച ഒരു ട്വിറ്റര്‍ ഉപയോക്താവ് കോഹിനൂര്‍ രത്നം ഇന്ത്യയിലേക്ക് കൊണ്ട് വരാന്‍ ഇരുവരും ചര്‍ച്ച നടത്തുന്നു എന്ന ക്യാപ്‌ഷനാണ് നല്‍കിയത്. ഐപിഎല്‍ മത്സരത്തിനിടെയുള്ള നെഹ്‌റയുടെ ചിത്രം പങ്കുവച്ചയാള്‍, കോഹിനൂര്‍ രത്നം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതി അദ്ദേഹം ആസൂത്രണം ചെയ്യുന്നു എന്നായിരുന്നു കുറിച്ചത്.
വിരാട് കോലിയുടെ ചിത്രം പങ്കുവച്ച ശേഷം ഋഷി സുനക് ഇന്ത്യന്‍ താരത്തിനൊപ്പമെന്ന അടിക്കുറിപ്പ് നല്‍കിയവരുമുണ്ട്.