ലണ്ടൻ:റോമൻ അബ്രമോവിച്ചിന്‍റെ 19 വർഷത്തെ ചെൽസി ക്ലബ് ഉടമസ്ഥാവകാശത്തിന് അവസാനമായി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയെ വിൽക്കാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകിയതോടെ അനിശ്ചിതത്വത്തിലായിരുന്ന ക്ലബ് കൈമാറ്റം ഉടനെയുണ്ടാകും. പുതിയ ഉടമകളായ അമേരിക്കൻ വ്യവസായി ടോഡ് ബോഹ്‌ലിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ക്ലബ് ഏറ്റെടുക്കുന്നതിനുള്ള വ്യവസ്ഥകള്‍ അംഗീകരിച്ചതായി ക്ലബ് പ്രസ്‌താവനയില്‍ അറിയിച്ചിരുന്നു.
നിലവിലെ ഫിഫ ക്ലബ് ലോകകപ്പ് ജേതാക്കളും 2021 യൂറോപ്യൻ ചാമ്പ്യന്മാരുമായ ക്ലബിന്‍റെ വിൽപനയ്‌ക്ക് പ്രീമിയർ ലീഗിന്‍റെ അംഗീകാരം കൂടെ ലഭിച്ചതോടെ ഒരു സ്‌പോർട്‌സ് ടീമിന്‍റെ എക്കാലത്തെയും ഉയർന്ന വിലയായ 2.5 ബില്യൺ പൗണ്ടാകും (3.1 ബില്യൺ ഡോളർ) ആകെ വിൽപന തുക. അബ്രമോവിച്ചിന്‍റെ ആസ്‌തികൾ മാർച്ചിൽ മരവിപ്പിച്ചതു മുതൽ സർക്കാർ ലൈസൻസിന് കീഴിലാണ് ചെൽസി പ്രവർത്തിക്കുന്നത്, അത് മേയ് 31-ന് അവസാനിക്കും.
വിപുലമായ പ്രവർത്തനങ്ങൾക്ക് ശേഷം, വിൽപ്പനയുടെ മുഴുവൻ വരുമാനവും റോമൻ അബ്രമോവിച്ചിന് അല്ലെങ്കിൽ മറ്റേതെങ്കിലും അനുവദിച്ച വ്യക്തിക്ക് പ്രയോജനപ്പെടില്ലെന്നതിൽ ബ്രിട്ടീഷ് സർക്കാർ തൃപ്‌തരാണെന്ന് പ്രസ്‌താവനയില്‍ അറിയിച്ചു. ആകെ വിൽപന തുകയിൽ ഷെയറുകളുടെ തുകയായ 2.5 ബില്യൺ പൗണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാനുള്ള ഉദ്ദേശത്തോടെ മരവിപ്പിച്ച യുകെ ബാങ്ക് അക്കൗണ്ടിലേക്കാവും നിക്ഷേപിക്കുകയെന്ന് റോമൻ അബ്രമോവിച്ച് സ്ഥിരീകരിച്ചതായി ക്ലബ് അറിയിച്ചു.