ഓള്‍ഡ് ട്രഫോഡ്:യുവേഫയൂറോപ്പ ലീഗ് ഫുട്‌ബോള്‍ ഒന്നാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജയം കൈവിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഓള്‍ഡ് ട്രഫോഡില്‍ സെവിയ്യക്കെതിരായ മത്സരം 2-2 സമനിലയില്‍ കലാശിച്ചു. അവസാന നിമിഷങ്ങളില്‍ രണ്ട് സെല്‍ഫ് ഗോളുകള്‍ വഴങ്ങിയതാണ് യുണൈറ്റഡിന് മത്സരത്തില്‍ വിനയായത്.
മുന്നേറ്റ നിരയിലെ പ്രധാനി മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ലൂക്ക് ഷോ എന്നിവര്‍ ഇല്ലാതെ ആയിരുന്നു സ്‌പാനിഷ് ക്ലബ്ബായ സെവിയ്യയെ നേരിടാന്‍ യുണൈറ്റഡ് തങ്ങളുടെ സ്വന്തം തട്ടകത്തില്‍ ഇറങ്ങിയത്. റാഷ്‌ഫോര്‍ഡിന്‍റെ അഭാവത്തില്‍ മാര്‍ഷ്യലിനായിരുന്നു ആക്രമണങ്ങളുടെ ചുമതല. ആദ്യ വിസില്‍ മുഴങ്ങി 21 മിനിറ്റിനുള്ളില്‍ തന്നെ മത്സരത്തില്‍ രണ്ട് ഗോളിന്‍റെ ലീഡ് സ്വന്തമാക്കാന്‍ ചുവന്ന ചെകുത്താന്മാര്‍ക്ക് സാധിച്ചിരുന്നു.
മത്സരത്തിന്‍റെ 14-ാം മിനിറ്റിലായിരുന്നു ഇംഗ്ലീഷ് വമ്പന്മാരായ യുണൈറ്റഡിന്‍റെ ആദ്യ ഗോള്‍ പിറന്നത്. അന്തോണി മാര്‍ഷ്യലായിരുന്നു യുണൈറ്റഡ് മുന്നേറ്റം തുടങ്ങിവച്ചത്. മാര്‍ഷ്യല്‍ നടത്തിയ മുന്നേറ്റം ബ്രൂണോ ഫെര്‍ണാണ്ടസിലേക്കെത്തി.
ബ്രൂണോ പന്ത് നേരെ സബിറ്റ്സറിന്‍റെ കാലുകളിലെത്തിച്ചു. ബ്രൂണോയുടെ പാസ് സ്വീകരിച്ച് പെനാല്‍റ്റി ബോക്‌സിനുള്ളില്‍ നിന്നും സബിറ്റ്സര്‍ സെവിയ്യന്‍ ഗോള്‍ വല ലക്ഷ്യമാക്കിയൊരു ഷോട്ട് പായിച്ചു. യുണൈറ്റഡ് താരത്തിന്‍റെ ഷോട്ട് ഗോള്‍കീപ്പര്‍ ബോണോയെ മറികടന്ന് വലയില്‍.
ALSO READ:UCL | ഇത്തിഹാദിൽ സംഹാര താണ്ഡവമാടി മാഞ്ചസ്റ്റർ സിറ്റി; ബയേണിനെ കീഴടക്കിയത് മൂന്ന് ഗോളുകൾക്ക്
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി സബിറ്റ്സര്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ഗോളായിരുന്നു ഇത്. ആറ് മിനിറ്റിന് പിന്നാലെ സെവിയ്യയെ സബിറ്റ്സര്‍ വീണ്ടും ഞെട്ടിച്ചു. മാര്‍ഷ്യലിന്‍റെ പാസ് സ്വീകരിച്ചായിരുന്നു ഇക്കുറി യുണൈറ്റഡ് താരം ഗോള്‍ സ്‌കോര്‍ ചെയ്‌തത്.
ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും മൂന്നാം ഗോള്‍ നേടാന്‍ ആതിഥേയര്‍ക്ക് സാധിച്ചില്ല. രണ്ടാം പകുതിയിലും മൂന്നാം ഗോള്‍ കണ്ടെത്താനുള്ള നീക്കങ്ങള്‍ അവര്‍ നടത്തിക്കൊണ്ടേയിരുന്നു. എന്നാല്‍ ഗോള്‍ മാത്രം അകന്ന് നിന്നു.
എന്നാല്‍ മത്സരത്തിന്‍റെ 84-ാം മിനിറ്റില്‍ മലാസിയയുടെ പിഴവ് സെവിയ്യയ്‌ക്ക് ആശ്വാസമായി മാറി. സെവിയ്യന്‍ താരം ജീസസ് പായിച്ച ഷോട്ട് മലാസിയയുടെ ദേഹത്ത് തട്ടി വലയ്‌ക്കുള്ളില്‍ കയറുകയായിരുന്നു. ഇതിന് പിന്നാലെ യുണൈറ്റഡ് താരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് പരിക്കേറ്റ് പുറത്തായതും ആതിഥേയര്‍ക്ക് തിരിച്ചടിയായി.
നേരത്തെ തന്നെ അഞ്ച് പകരക്കാരെയും ഇറക്കിയത് മൂലം അവസാന മിനിറ്റുകളില്‍ യുണൈറ്റഡിന് 10 പേരുമായി കളിക്കേണ്ടി വന്നു. ഇത് മുതലെടുത്ത് ആക്രമണങ്ങളുടെ മൂര്‍ച്ച കൂട്ടിയ സെവിയ്യ അധിക സമയത്ത് സമനില കണ്ടെത്തി. എന്‍ നീസിരിയുടെ ഹെഡര്‍ ഹാരി മാഗ്വയറിന്‍റെ തലയില്‍ തട്ടി യുണൈറ്റഡ് വലയില്‍ കയറുകയായിരുന്നു. ഏപ്രില്‍ 21നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെവിയ്യ യൂറോപ്പ ലീഗ് ഫുട്‌ബോള്‍ രണ്ടാം പാദ ക്വാര്‍ട്ടര്‍ മത്സരം.
Also Read:UCL | ചെൽസിയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി; ചാമ്പ്യൻസ് ലീഗ് സെമിഫൈനലിനരികിൽ റയൽ മാഡ്രിഡ്