എന്‍ഷെഡ് (നെതര്‍ലന്‍ഡ്‌സ്):കരുത്തരായ സ്‌പെയിന്‍ (Spain) യുവേഫ നേഷന്‍സ് ലീഗ് (UEFA Nations League) ഫൈനലില്‍. രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തില്‍ യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയെ (Italy) തകര്‍ത്താണ് സ്‌പാനിഷ് പടയുടെ മുന്നേറ്റം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ സെമിയില്‍ ജയം പിടിച്ചത്.
യെറെമി പിനോ (Yeremy Pino), ജൊസേലു (Joselu) എന്നിവരാണ് മത്സരത്തില്‍ സ്‌പെയിന് വേണ്ടി ഗോള്‍ നേടിയത്. ഇമ്മൊബിലെയാണ് (Immobile) ഇറ്റാലിയന്‍ ചാമ്പ്യന്‍മാര്‍ക്കായി ആശ്വാസ ഗോള്‍ നേടിയത്. മത്സരത്തിന്‍റെ അവസാന ഘട്ടത്തില്‍ പകരക്കാരനായെത്തിയ ജൊസേലു ആയിരുന്നു സ്‌പാനിഷ് പടയ്‌ക്ക് ജയവും ഫൈനല്‍ ടിക്കറ്റും ഉറപ്പിച്ചത്.
ഫൈനലില്‍ ക്രൊയേഷ്യയാണ് സ്‌പെയിനിന്‍റെ എതിരാളി. ആദ്യ സെമിയില്‍ ആതിഥേയരായ നെതര്‍ലന്‍ഡ്‌സിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ക്രൊയേഷ്യ നേഷന്‍സ് ലീഗ് ഫൈനലില്‍ കടന്നത്. ജൂണ്‍ 19നാണ് കലാശപ്പോരാട്ടം.
മത്സരത്തിന്‍റെ ആദ്യ വിസില്‍ മുഴുങ്ങി മൂന്നാമത്തെ മിനിറ്റില്‍ തന്നെ ഇറ്റലിയുടെ പ്രതിരോധ കോട്ട തകര്‍ക്കാന്‍ സ്‌പെയിന് സാധിച്ചു. മധ്യനിര താരം യെറെമി പിനോയാണ് സെമി പോരാട്ടത്തിന്‍റെ തുടക്കത്തില്‍ തന്നെ സ്‌പാനിഷ് പടയ്‌ക്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍, ഒട്ടും വൈകാതെ തന്നെ ഇറ്റലി തിരിച്ചടിച്ചു.
11-ാം മിനിറ്റിലായിരുന്നു അസൂറിപ്പട സമനില ഗോള്‍ നേടിയത്. പെനാല്‍ട്ടിയിലൂടെ ഇമ്മൊബിലിയാണ് മത്സരത്തില്‍ ഇറ്റലിയെ സ്‌പെയിനൊപ്പമെത്തിച്ചത്. സ്‌പാനിഷ് പ്രതിരോധ നിര താരം ലെ നോര്‍മന്‍ഡിന്‍റെ കയ്യില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നായിരുന്നു ഇറ്റലിക്ക് അനുകൂലമായ പെനാല്‍ട്ടി ലഭിച്ചത്.
സമനില ഗോള്‍ കണ്ടെത്തിയതിന് പിന്നാലെ ഇറ്റലിയുടെ മുന്നേറ്റങ്ങള്‍ക്കും കൂടുതല്‍ കരുത്താര്‍ജിച്ചു. കൗണ്ടര്‍ അറ്റാക്കുകളുമായി അസൂറിപ്പട സ്‌പാനിഷ് സംഘത്തെ വിറപ്പിച്ചു. 22-ാം മിനിറ്റില്‍ സ്‌പെയിനിന്‍റെ വലയില്‍ വീണ്ടും പന്തെത്തിക്കാന്‍ ഇറ്റലിക്ക് സാധിച്ചിരുന്നു.
പന്ത് വലയിലെത്തിച്ച ഫ്രാട്ടേസി ഓഫ്‌സൈഡ് പൊസിഷനിലായിരുന്നതിനാല്‍ ഇറ്റലിക്ക് ആ ഗോള്‍ നിഷേധിക്കപ്പെട്ടു. പിന്നീട് ലീഡ് സ്വന്തമാക്കാന്‍ ഇരു ടീമും തുടര്‍ശ്രമങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. എന്നാല്‍, ഗോളുകളൊന്നും പിറക്കാതെ വന്നതോടെ ഓരോ ഗോള്‍ സമനില വഴങ്ങി രണ്ട് ടീമും ആദ്യ പകുതിയിലെ കളി അവസാനിപ്പിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇറ്റലി രണ്ട് മാറ്റങ്ങളും സ്‌പെയിന്‍ ഒരു മാറ്റവുമായാണ് കളത്തിലേക്കിറങ്ങിയത്. പിന്നാലെ പന്ത് കൈവശം വച്ച് സ്‌പെയിന്‍ കളി തുടങ്ങി. ഇടയ്‌ക്കിടെ ഇറ്റാലിയന്‍ ബോക്‌സിലേക്കും സ്‌പാനിഷ് താരങ്ങള്‍ കുതിച്ചെത്തി.
രണ്ടാം ഗോളിനായി ഇരു ടീമും ആക്രമണവും പ്രത്യാക്രമണവുമായി കളം നിറഞ്ഞു. എന്നാല്‍ ലഭിച്ച അവസരങ്ങളൊന്നും മുതലെടുക്കാന്‍ രണ്ട് ടീമിനും സാധിച്ചില്ല. ഇതോടെ അധിക സമയത്തേക്ക് മത്സരം നീങ്ങുമെന്നും തോന്നലുണ്ടായി.
ലീഡ് പിടിക്കാന്‍ ഇരു ടീമും തന്ത്രങ്ങള്‍ മാറ്റിപ്പരീക്ഷിച്ചുകൊണ്ടേയിരുന്നു. മത്സരത്തിന്‍റെ 84-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടയെ പിന്‍വലിച്ച് ജോസേലുവിനെ സ്‌പാനിഷ് പരിശീലകന്‍ കളത്തിലിറക്കി. മൈതാനത്തേക്കിറങ്ങിയ നാലാം മിനിറ്റില്‍ തന്നെ ജൊസേലു അസൂറിപ്പടയുടെ വലയില്‍ പന്തെത്തിച്ച് സ്‌പെയിന് ജയം സമ്മാനിക്കുകയായിരുന്നു.
Also Read:Nations League | ക്രൊയേഷ്യയ്‌ക്ക് 'ഓറഞ്ച് മധുരം', നെതര്‍ലന്‍ഡ്‌സിനെ വീഴ്‌ത്തി നേഷന്‍സ് ലീഗ് ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ച് ലൂക്കയും സംഘവും