മ്യൂണിക്: യുവേഫ നാഷൻസ് ലീഗിൽ ജർമ്മനി - ഇംഗ്ലണ്ട് മത്സരം സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ഹംഗറിയോട് തോൽവി വഴങ്ങിയ ഇംഗ്ലണ്ട് 1-1 നാണ് ജർമനിയോട് സമനില നേടിയത്. യൊനാസ് ഹോഫ്‌മാൻ ജർമ്മനിക്കായി ഗോൾ നേടിയപ്പോൾ നായകൻ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിന്‍റെ ഗോൾ സ്കോറർ.
മത്സരത്തിൽ കൂടുതൽ നേരം പന്ത് കൈവശം വച്ചത് ജർമനി ആയിരുന്നെങ്കിലും കൂടുതൽ ഷോട്ടുകൾ ഉതിർത്തത് ഇംഗ്ലണ്ട് ആയിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ പല ശ്രമങ്ങളും മികച്ച ബ്ലോക്കുകളിലൂടെയും സേവുകളിലൂടെയും ജർമനി പ്രതിരോധിച്ചു. 50-ാം മിനിറ്റിൽ ജോഷ്വ കിമ്മിച്ചിന്‍റെ മികച്ച പാസിൽ നിന്നും മനോഹരമായ ഷോട്ടിലൂടെ യൊനാസ് ഹോഫ്മാൻ ആണ് ജർമനിയെ മുന്നിലെത്തിച്ചത്.
രണ്ടാം മത്സരത്തിലും തോൽവി മുന്നിൽകണ്ട ഇംഗ്ലണ്ടിന് രക്ഷകന്‍റെ രൂപത്തിലെത്തിയ വാർ ആണ് തുണയായത്. ഹാരി കെയിനിനെ സ്കോലറ്റർബക് വീഴ്‌ത്തിയതിനു വാർ പരിശോധനക്ക് ശേഷം റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. അനായാസം പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച കെയ്‌ൻ ഇംഗ്ലണ്ടിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു.
ഹാരി കെയ്‌ന് 50-ാം രാജ്യന്തര ഗോൾ: ഇതോടെ ഇംഗ്ലണ്ടിനായി 50 ഗോളുകൾ എന്ന നേട്ടത്തിലെത്താനായി. ഗോൾ വേട്ടയിൽ സർ ബോബി ചാൾട്ടനെ മറികടന്ന ഹാരി കെയ്‌ൻ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരം ആണ്. ഇംഗ്ലണ്ടിനായി 53 ഗോളുകൾ നേടിയ റൂണി മാത്രമാണ് രാജ്യത്തിന് ആയുള്ള ഗോൾ വേട്ടയിൽ കെയിനിന് മുന്നിൽ ഉള്ളത്.