പാരിസ്:യുവേഫ നാഷൻസ് ലീഗിൽ ക്രൊയേഷ്യയോട് സമനില വഴങ്ങി ഫ്രാൻസ്. കഴിഞ്ഞ മത്സരത്തിൽ ഡെന്മാർക്കിനോട് പരാജയം ഏറ്റുവാങ്ങിയ ഫ്രഞ്ച് ടീം യുവതാരങ്ങളുമായിട്ടാണ് കളത്തിലിറങ്ങിയിരുന്നത്. ആദ്യ പകുതിയിൽ നിരവധി ഗോളവസരങ്ങൾ പാഴാക്കിയതും ക്രിസ്റ്റഫർ എങ്കുങ്കുവിന്‍റെ ഗോൾ അനുവദിക്കപ്പെടാതെ പോയതും ഫ്രാൻസിന് തിരിച്ചടിയായി.
രണ്ടാം പകുതിയിൽ ഫ്രാൻസ് ആണ് ആദ്യം മുന്നിലെത്തിയത്. 53-ാം മിനിറ്റിൽ ബെൻ യെഡറിന്‍റെ പാസിൽ നിന്നും അഡ്രിയാൻ റാബിയോട്ടാണ് ഗോൾ നേടിയത്. ഗോൾ വഴങ്ങിയ ക്രൊയേഷ്യ സമനിലയ്‌ക്കായി പൊരുതി.
83-ാം മിനിറ്റിൽ ആന്ദ്രെ ക്രാമറിച്ചിലൂടെ ക്രൊയേഷ്യ മത്സരത്തിൽ സമനില പിടിച്ചു. തന്നെ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് ക്രാമറിച്ച് ആതിഥേയരെ ഒപ്പമെത്തിച്ചത്. അവസാന മിനിറ്റിൽ വിജയഗോൾ കണ്ടെത്താനുള്ള സുവർണാവസരം ഗ്രീസ്മാൻ പാഴാക്കിയതോടെ മത്സരം സമനിലയിൽ അവസാനിച്ചു.
വീണ്ടും ഡാനിഷ് പടയോട്ടം; നേഷൻസ് ലീഗിൽ ജൈത്രയാത്ര തുടർന്ന് ഡെന്മാർക്ക്. കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസിനെ തകർത്തെറിഞ്ഞതിന് പിന്നാലെ ഓസ്ട്രിയയെയും വീഴ്ത്തി ഡെന്മാർക്ക്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ഡാനിഷ് ജയം.
മത്സരത്തിൽ ആധിപത്യം പുലർത്തിയത് ഓസ്ട്രിയ ആയിരുന്നു എങ്കിലും ആദ്യം മുന്നിൽ എത്തിയത് ഡെന്മാർക്ക് ആയിരുന്നു. 27-ാം മിനിറ്റിൽ പിയരെ ഹോയിബെർഗ് അവരെ മുന്നിൽ എത്തിച്ചു. ഗോൾ തിരിച്ചടിക്കാൻ സകല ശ്രമങ്ങളും നടത്തി ഓസ്ട്രിയ 67-ാം മിനിറ്റിൽ ഒപ്പമെത്തി.
ALSO READ:നെയ്‌മറുടെ പെനാല്‍റ്റിയില്‍ ജപ്പാനെതിരെ ബ്രസീലിന് ഒറ്റഗോള്‍ ജയം
അർണോട്ടോവിച്ചിന്‍റെ പാസിൽ നിന്നു സാവർ സ്‌ഗാലഗർ ആണ് അവർക്ക് സമനില നൽകിയത്. ഓസ്ട്രിയൻ മേധാവിത്വം കണ്ട സമയത്ത്, 84-ാം മിനിറ്റിലാണ് ഡെന്മാർക്കിന്‍റെ വിജയം പിടിച്ചെടുത്ത ഗോൾ പിറന്നത്. ക്രിസ്റ്റിയൻ എറിക്‌സന്‍റെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ യെൻസ് ലാർസന്‍റെ ഷോട്ട് ഡെന്മാർക്കിന് വിജയം സമ്മാനിക്കുകയായിരുന്നു.