റോട്ടർഡാം : യുവേഫ നാഷന്‍സ് ലീഗ് ജേതാക്കളെ ഇന്നറിയാം. നെതർലൻഡ്‌സിലെ ഫെയനൂർഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ക്രൊയേഷ്യ സ്‌പെയിനെ നേരിടും. ലൂക മോഡ്രിച്ചിന് കീഴിലിറങ്ങുന്ന ക്രൊയേഷ്യ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നതെങ്കിൽ 11 വർഷത്തെ കിരീട വരൾച്ചയ്‌ക്ക് വിരാമമിടാനാണ് സ്‌പെയിൻ ഇന്നിറങ്ങുക. ഇന്ത്യൻ സമയം രാത്രി 12.15 നാണ് മത്സരം.
എക്‌സ്‌ട്ര ടൈമിലേക്ക് നീണ്ട സെമിഫൈനലിൽ നെതർലൻഡ്‌സിനെ 4-2ന് കീഴടക്കിയാണ് ക്രൊയേഷ്യ ചരിത്രത്തിലെ രണ്ടാം ഫൈനലിന് യോഗ്യത നേടിയത്. നിലവിലെ യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്നെത്തുന്ന സ്‌പെയിനിന് തുടര്‍ച്ചയായ രണ്ടാം നാഷൻസ് ലീഗ് ഫൈനലാണിത്. അതുകൊണ്ടുതന്നെ വമ്പൻമാരെ കീഴടക്കിയെത്തുന്ന സ്‌പെയിനും ക്രൊയേഷ്യയും നേർക്കുനേർ പോരടിക്കുമ്പോൾ ആവേശമിരട്ടിയാകും.
ക്രൊയേഷ്യയെ ഫുട്ബോളിന്‍റെ ലോകഭൂപടത്തിൽ ഒരു അത്ഭുതം പോലെ കോറിയിട്ട താരമാണ് ലൂക മോഡ്രിച്ച്. ഇതിഹാസ നായകന് രാജ്യത്തിനൊപ്പം ഒരു കിരീടം എന്ന സ്വപ്‌നത്തിലേക്കായിരിക്കും ഓരോ ക്രൊയേഷ്യൻ താരത്തിന്‍റെയും ചുവടുവയ്‌പ്പ്. 2018ലെ റഷ്യൻ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട ക്രൊയേഷ്യ ഖത്തര്‍ ലോകകപ്പ് സെമിയില്‍ ലയണൽ മെസിയുടെ അര്‍ജന്റീയ്‌ക്ക് മുന്നിലും കീഴടങ്ങി. ഈ തോൽവികൾക്കെല്ലാം നാഷൻസ് ലീഗ് കിരീടത്തിലൂടെ പ്രായശ്ചിത്തം ചെയ്യാനാകും ക്രൊയേഷ്യയുടെ ശ്രമം. ലൂക മോഡ്രിച്ചിനൊപ്പം ലിവാകോവിച്, ഗ്വാർഡിയോൾ, കോവാചിച്, ബ്രോസോവിച്, ഇവാൻ പെരിസിച്, ആന്ദ്രെ ക്രമാരിച് എന്നിവർ ആദ്യ ഇലവനിൽ അണിനിരക്കും.
എന്നാൽ മറുവശത്ത് സ്‌പെയിനിന്‍റെ സ്ഥിതി വ്യത്യസ്‌തമാണ്. കഴിഞ്ഞ ഫൈനലിൽ ഫ്രാൻസിനോടേറ്റ തോൽവിയോടെ കൈവിട്ട കിരീടം തിരികെപ്പിടിയ്‌ക്കുക എന്നതാകും ലക്ഷ്യം. അതോടൊപ്പം തന്നെ 2012ൽ യൂറോകപ്പ് ജേതാക്കളായതിന് ശേഷമുള്ള ആദ്യ കിരീടത്തിനായും ലാ റോജകൾ പൊരുതും. യുവതാരങ്ങളായ പെഡ്രി, ഗാവി, അൻസു ഫാറ്റിയും പരിചയ സമ്പന്നരായ ഡാനി കാർവജാൽ, ജോർദി ആൽബയും ജീസസ് നവാസും റോഡ്രിയും സ്‌പാനിഷ് നിരയുടെ പ്രതീക്ഷയാണ്.
നേർക്കുനേർ പോരാട്ടത്തിൽ സ്‌പെയിനിനാണ് നേരിയ മുൻതൂക്കം. ഇരുടീമും ഒമ്പത് കളിയില്‍ നേർക്കുനേർ വന്നപ്പോൾ സ്‌പെയിന്‍ അഞ്ച് മത്സരങ്ങളിലും ക്രൊയേഷ്യ മൂന്നെണ്ണത്തിലും വിജയിച്ചു. അവസാനമായി ഇരുടീമുകളും 2021ലെ യൂറോ കപ്പില്‍ ഏറ്റുമുട്ടിയപ്പോൾ സ്‌പെയിൻ 5-3ന്‍റെ വമ്പൻ ജയം സ്വന്തമാക്കിയിരുന്നു. ഫൈനലിന് മുന്നോടിയായി നടക്കുന്ന ലൂസേഴ്‌സ് ഫൈനലിൽ ഇറ്റലി, നെതര്‍ലന്‍ഡ്‌സിനെ നേരിടും. വൈകുന്നേരം 6.30നാണ് മത്സരം.