റോട്ടർഡാം (നെതര്‍ലന്‍ഡ്‌സ്):യുവേഫ നേഷന്‍സ് ലീഗ് (UEFA Nations League) ഫൈനലില്‍ ഇടം പിടിച്ച് ക്രൊയേഷ്യ (Croatia). ആദ്യ സെമി ഫൈനലില്‍ ആതിഥേയരായ നെതര്‍ലന്‍ഡ്‌സിനെ (Netherlands) തകര്‍ത്താണ് ലൂക്ക മോഡ്രിച്ചിന്‍റെയും സംഘത്തിന്‍റെയും മുന്നേറ്റം. എക്‌സ്‌ട്ര ടൈമിലേക്ക് നീണ്ട പോരിനൊടുവില്‍ 4-2 എന്ന സ്‌കോറിന് തകര്‍ത്താണ് ഫുട്‌ബോള്‍ ചരിത്രത്തിലെ രണ്ടാം ഫൈനലിന് ക്രൊയേഷ്യ യോഗ്യത നേടിയത്.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ക്രൊയേഷ്യന്‍ പടയുടെ കുതിപ്പ്. രണ്ടാം പകുതിയിലും എക്‌സ്‌ട്ര ടൈമിലുമാണ് ക്രൊയേഷ്യ നാല് ഗോളും നെതര്‍ലന്‍ഡസ് വലയിലെത്തിച്ചത്. ആന്ദ്രേ ക്രമാറിച്ച് (Andrej Kramaric), മരിയോ പസാലിച്ച് (Mario pasalic), ബ്രൂണോ പെറ്റ്‌കോവിച്ച് (Bruno Petkovic), ലൂക്ക മോഡ്രിച്ച് (luka modric) എന്നിവരായിരുന്നു അവരുടെ ഗോള്‍ സ്‌കോറര്‍മാര്‍.
നെതര്‍ലന്‍ഡ്‌സിനെതിരെ മികച്ച തുടക്കം ലഭിച്ചത് ക്രൊയേഷ്യയ്‌ക്കാണ്. പന്ത് കൈവശം വച്ച് ആതിഥേയരെ സമ്മര്‍ദത്തിലാക്കാന്‍ തുടക്കത്തില്‍ തന്നെ അവര്‍ക്ക് സാധിച്ചു. എന്നാല്‍, മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത് നെതര്‍ലന്‍ഡ്‌സ് ആണ്.
ഡോണില്‍ മലെന്‍ (Donyell Malen) ആണ് ഓറഞ്ച് പടയ്‌ക്ക് ആദ്യം ലീഡ് സമ്മാനിച്ചത്. മത്സരത്തിന്‍റെ ഒന്നാം പകുതിയിലായിരുന്നു ഈ ഗോള്‍ പിറന്നത്. അതിവേഗ പാസുകള്‍ക്ക് ശേഷം മാറ്റ്സ് വൈഫര്‍ മറിച്ചു നല്‍കിയ പന്ത് കൃത്യമായി വലയിലെത്തിച്ചാണ് മലെന്‍ ആതിഥേയരെ മുന്നിലെത്തിച്ചത്.
ഈ ഒരു ഗോളിന്‍റെ കരുത്തില്‍ ആദ്യ പകുതി അവസാനിപ്പിക്കാനും അവര്‍ക്കായി. രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവായിരുന്നു ക്രൊയേഷ്യയുടെ ലക്ഷ്യം. അതിനൊത്ത പ്രകടനം നടത്താനും അവര്‍ക്കായി.
മത്സരത്തിന്‍റെ 55-ാം മിനിറ്റില്‍ ഇതിന്‍റെ ഫലവും ക്രൊയേഷ്യയ്‌ക്ക് ലഭിച്ചു. പെനാല്‍ട്ടിയിലൂടെ ആന്ദ്രേ ക്രമാറിച്ച് ആയിരുന്നു ക്രൊയേഷ്യയെ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനൊപ്പമെത്തിച്ചത്. സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ചിനെ ഫൗള്‍ ചെയ്‌തതിനാണ് അവര്‍ക്ക് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചത്.