പാരിസ്: യുവേഫ നേഷൻസ് ലീഗിൽ വമ്പൻമാരായ ഫ്രാൻസിനും ബെൽജിയത്തിനും തോൽവി. ബെൽജിയം ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഹോളണ്ടിനോട് തോൽവിയേറ്റ് വാങ്ങിയപ്പോൾ ഒരു ഗോളിന് മുന്നിലെത്തിയ ശേഷം രണ്ടു ഗോളുകൾ വഴങ്ങിയാണ് ഫ്രാൻസ് ഡെൻമാർക്കിന് മുന്നിൽ അടിയറവ് പറഞ്ഞത്. തുടർച്ചയായ 5 ജയങ്ങൾക്ക് ശേഷം ആണ് ഫ്രാൻസ് ഒരു മത്സരം തോൽക്കുന്നത്.
പന്ത് കൈവശം വക്കുന്നതിൽ ഇരു ടീമുകളും ഒപ്പത്തിന് ഒപ്പം നിന്ന മത്സരത്തിൽ ബെൽജിയത്തിന്‍റെ 2 ഗോൾ ശ്രമങ്ങൾ ബാറിൽ തട്ടി മടങ്ങി. 2008 നു ശേഷം ബെൽജിയം സ്വന്തം മൈതാനത്ത് നേരിടുന്ന ഏറ്റവും വലിയ തോൽവിയാണിത്. 40-ാം മിനിറ്റിൽ സ്റ്റീവൻ ഡി ജോങിന്‍റെ പാസ് സ്വീകരിച്ച സ്റ്റീവൻ ബെർഗ്വിന്‍റെ 25 വാര അകലെ നിന്നുള്ള ഷോട്ടാണ് ഡച്ച് ടീമിനെ മുന്നിലെത്തിച്ചത്.
ഓറഞ്ച് പടയോട്ടം; രണ്ടാം പകുതിയിൽ തുടക്കത്തിൽ 51-ാം മിനിറ്റിൽ മിനിറ്റിൽ സ്റ്റീവൻ ബെർഗ്വിന്‍റെ പാസിൽ നിന്നു മെംഫിസ് ഡീപെ ഹോളണ്ടിന്‍റെ ലീഡ് ഇരട്ടിയാക്കി. തുടർന്ന് 10 മിനിറ്റിനകം ഡെയ്‌ലി ബ്ലിന്റിന്‍റെ പാസിൽ നിന്നു ഡെൻസൽ ഡുംഫ്രയിസിലൂടെ ഹോളണ്ട് മൂന്നാം ഗോളും കണ്ടത്തി. 65-ാം മിനിറ്റിൽ ബ്ലിന്റിന്‍റെ പാസിൽ നിന്നു ഹാഫ് വോളിയിലൂടെ തന്‍റെ രണ്ടാം ഗോൾ കണ്ടെത്തിയ ഡീപെ ഹോളണ്ട് ജയം ഉറപ്പിച്ചു.
ബെൽജിയത്തിനെതിരായ രണ്ടു ഗോളുകളോടെ ഹോളണ്ട് ടീമിന്‍റെ ഏറ്റവും വലിയ മൂന്നാമത്തെ ഗോൾ വേട്ടക്കാരൻ എന്ന നേട്ടത്തിലെത്താനും ഡീപേയ്ക്ക് സാധിച്ചു. 77-ാം മിനിറ്റിൽ തിമോത്തി കാസ്റ്റഗ്‌നെ ബെൽജിയത്തിനായി ഗോൾ നേടിയെങ്കിലും വാർ ഗോൾ നിഷേധിച്ചു. ഇഞ്ച്വറി ടൈമിൽ ടോബി ആൽഡർവെയിൾഡിന്‍റെ ക്രോസിൽ നിന്ന് മിറ്റ്‌ച്ചി ബാറ്റ്ഷ്വായി ബെൽജിയത്തിന്‍റെ ആശ്വാസ ഗോൾ നേടി.
ഫ്രാൻസിനെ ഞെട്ടിച്ച് ഡാനിഷ് പട; ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഫ്രാൻസ് സ്വന്തം മൈതാനത്ത് ഡാനിഷ് പടയോട് തോൽവി വഴങ്ങിയത്. തുടർച്ചയായ 5 ജയങ്ങൾക്ക് ശേഷം ആണ് ഫ്രാൻസ് ഒരു മത്സരം തോൽക്കുന്നത്. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. 51-ാം മിനിറ്റിൽ എംബപ്പെക്ക് പകരക്കാനായി വന്ന ക്രിസ്റ്റഫർ എങ്കുങ്കു നൽകിയ പാസിൽ നിന്ന് കരിം ബെൻസെമയാണ് ഫ്രാൻസിന് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചത്. എങ്കുങ്കുവിൽ നിന്ന് സ്വീകരിച്ച പന്തുമായി ഡാനിഷ് പ്രതിരോധ നിരയെ മാന്ത്രിക ചലനങ്ങൾ കൊണ്ട് കീഴ്‌പെടുത്തിയാണ് ബെൻസെമ പന്ത് വലയിലെത്തിച്ചത്.
ALSO READ:ആ വാർത്തകൾ 'വ്യാജം'; 14 താരങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് എംബാപ്പെ
68-ാം മിനിറ്റിൽ ഹോൾബയറിന്‍റെ പാസിൽ നിന്നു അത്യുഗ്രൻ ഷോട്ടിലൂടെ ലോറിസിനെ മറികടന്ന കോർണലിസ് ഡെന്മാർക്കിന് സമനില ഗോൾ നൽകി. മിനിറ്റുകൾക്കകം കാന്‍റെയുടെ 25 വാര അകലെ നിന്നുള്ള ഷോട്ട് ബാറിൽ തട്ടി മടങ്ങിയത് ഫ്രാൻസിന് തിരിച്ചടിയായി. 88-ാം മിനിറ്റിൽ മിനിറ്റിൽ ജോക്വിം മഹലെയുടെ ത്രൂ ബോൾ ഓടിയെടുത്ത കോർണലിസ് ശക്തമായ അടിയിലൂടെ തന്‍റെ രണ്ടാം ഗോളും നേടി ഡെന്മാർക്കിന് ജയം സമ്മാനിക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ ഫ്രാൻസ് സമനിലക്ക് ശ്രമിച്ചു എങ്കിലും ഡാനിഷ് പ്രതിരോധം പിടിച്ചു നിന്നു.
ക്രൊയേഷ്യയെ നാണംകെടുത്തി ഓസ്ട്രിയ; ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് ഓസ്ട്രിയ നാണംകെടുത്തി. മാര്‍ക്കോ അര്‍ണൗട്ടോവിച്ച്, മൈക്കിള്‍ ഗ്രെഗോറിറ്റ്ച്ച്, മാഴ്‌സെല്‍ സബിറ്റ്‌സെര്‍ എന്നിവര്‍ ഓസ്ട്രിയയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ പരിശീലകനായ റാള്‍ഫ് റാഗ്നിക്ക് ചുമതലയേറ്റതിനു ശേഷമുള്ള ഓസ്ട്രിയയുടെ ആദ്യ മത്സരമാണിത്. ഈ വിജയത്തോടെ ഓസ്ട്രിയ ഗ്രൂപ്പില്‍ ഒന്നാമതെത്തി. ഡെന്മാര്‍ക്കാണ് രണ്ടാമത്. ഫ്രാന്‍സ് മൂന്നാമതും ക്രൊയേഷ്യ അവസാന സ്ഥാനത്തുമാണ്.