നിയോൺ (സ്വിറ്റ്സർലൻഡ്): റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് ഈ വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സര വേദി റഷ്യയിൽ നിന്ന് മാറ്റി. നിലവിലെ സാഹചര്യത്തിൽ ഫൈനൽ മത്സരം ഫ്രാൻസിൽ നടത്താൻ ഇന്ന് കൂടിയ യുവേഫയുടെ അടിയന്തര യോഗം തീരുമാനിക്കുകയായിരുന്നു.
മെയ് 28ന് ഫ്രാൻസിലെ സ്റ്റേഡ് ഡെ ഫ്രാൻസ് സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക. ഫൈനല്‍ വേദി മാറ്റിയതിന് പുറമെ റഷ്യന്‍- ഉക്രയ്‌ന്‍ ക്ലബുകളുടെ ഹോം മത്സരങ്ങളും മറ്റേതെങ്കിലും രാജ്യത്തെ നിഷ്‌പക്ഷ വേദികളില്‍ നടത്തുമെന്നും യുവേഫ വ്യക്തമാക്കി.
1998ലെ ലോകകപ്പ് ഫൈനലും 2016ലെ യൂറോ കപ്പ് ഫൈനലും ഫ്രാൻസിലെ സ്റ്റേഡിയത്തിൽ തന്നെയാണ് നടന്നത്. 2000ലും 2006ലും ഇതേ സ്റ്റേഡിയം ചാമ്പ്യന്‍സ് ലീഗ് ഫൈനലിനും വേദിയായിട്ടുണ്ട്. 80000 കാണികളെ ഉൾക്കൊള്ളുന്നതാണ് സ്റ്റേഡിയം.
ALSO READ:യുദ്ധം വേണ്ട; സമാധാനത്തിനായി ഒന്നിച്ച് കായിക ലോകം, യുക്രൈന് ഐക്യദാർഢ്യം
റഷ്യയുടെ യുക്രൈൻ ആക്രമണത്തിൽ പ്രതിഷേധിച്ച് വിവിധ രാജ്യങ്ങളും, താരങ്ങളും റഷ്യക്കെതിരെ നിലപാടെടുത്തതോടെയാണ് വേദി മാറ്റാൻ യുവേഫ തീരുമാനിച്ചത്. അതേസമയം യുവേഫയുടെ നടപടി അപമാനകരമാണെന്ന് റഷ്യൻ സർക്കാർ പ്രതികരിച്ചു.