ക്യാംമ്പ് നൗ: യൂറോപ്പ ലീഗിൽ നാപോളിക്കെതിരെ സമനില വഴങ്ങി ബാഴ്‌സലോണ. ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ മികച്ച പ്രകടനം നടത്തിയിട്ടും ജയം നേടാനാവാത്തതിൽ ബാഴ്‌സ ആരാധകർ നിരാശരാണ്. നാപോളിക്കെതിരെ ഒട്ടേറെ സുവർണ്ണാവസരങ്ങൾ ലഭിച്ചിട്ടും സമനിലയിൽ കളിയവസാനിപ്പിക്കാൻ ആയിരുന്നു ബാഴ്‌സയുടെ വിധി.
കളിയുടെ 21-ാം മിനിട്ടിൽ സിയിലിൻസ്‌കിയിലൂടെ നാപോളി ലീഡെടുത്തു. ബാഴ്‌സക്കായി ഫെറാൻ ടോറസാണ് പെനാൽറ്റിയിലൂടെ സമനില ഗോൾ നേടിയത്. 29-ാം മിനിട്ടിൽ ബാഴ്‌സലോണ പ്രതിരോധത്തെയും ടെർ സ്റ്റെീഗനെയും നോക്കുകുത്തിയാക്കി റീബൗണ്ടിൽ സിയലിൻസ്‌കി ഗോളടിച്ചു. ട്രയോറയുടെ ക്രോസിൽ പ്രതിരോധതാരം ജീസസിന്‍റെ കയ്യിൽ തട്ടിയതിന് വാറിന്‍റെ ഇടപെടലിലൂടെ ബാഴ്‌സക്ക് പെനാൽറ്റി ലഭിച്ചു. പെനാൽറ്റിയെടുത്ത ഫെറാൻ ടോറസിന് പിഴച്ചില്ല.
മത്സരത്തിലുടനീളം ബാഴ്‌സയുടെ അറ്റാക്കിങ് ത്രയമായ ടോറസ്, ട്രയോരെ, ഒബമയാങ്ങ് സഖ്യം ഏറെ ശ്രമിച്ചെങ്കിലും വിജയ ഗോൾ നേടാനായില്ല. കളിയുടെ അവസാനഘട്ടത്തിൽ ടോറസ്, ഡിയോങ്ങ്, ഡെംബെലെ എന്നീ താരങ്ങൾ തുടർച്ചായ അവസരങ്ങളാണ് നഷ്‌ടപ്പെടുത്തിയത്. രണ്ടാം പാദ മത്സരം ഫെബ്രുവരി 24 നേപ്പിൾസിൽ നടക്കും.
മറ്റൊരു മത്സരത്തിൽ റേഞ്ചേഴ്‌സ് എഫ്‌സി രണ്ടിനെതിരെ നാല് ഗോളിന് ബൊറുസിയ ഡോർട്ട്മുണ്ടിനെ തകർത്തു. ജെയിംസ് ടാവെർനിയർ, ആൽഫ്രെഡോ മൊരെലെസ്, ജോൺ ലണ്ട്സ്ട്രാം എന്നിവർ റേഞ്ചേഴ്‌സിന് വേണ്ടി ഗോളടിച്ചപ്പോൾ ജൂഡ് ബെല്ലിംഗ്ഹാമും റാഫയേൽ ഗറേറൊയുമാണ് ബൊറുസിയ ഡോർട്ട്മുണ്ടിന്‍റെ ആശ്വാസ ഗോളുകൾ നേടിയത്. ഡാൻ- ആക്‌സൽ സഗഡുവിന്‍റെ സെൽഫ് ഗോളും ബൊറുസിയ ഡോർട്ട്മുണ്ടിന് തിരിച്ചടിയായി.
ALSO READ:UCL: ഇന്‍ററിനെ വീഴ്‌ത്തി ലിവര്‍പൂള്‍; സമനിലയുമായി രക്ഷപ്പെട്ട് ബയേണ്‍