സെവിയ്യ:ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, യുവേഫ യൂറോപ്പ ലീഗ് സെമി കാണാതെ പുറത്ത്. രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പാനിഷ് ടീം സെവിയ്യയോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍വി വഴങ്ങിയതോടെയാണ് ചുവന്ന ചെകുത്താന്മാര്‍ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ഇരു പാദങ്ങളിലുമായി നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ 5-2 എന്ന സ്‌കോറിനാണ് എറിക് ടെന്‍ഹാഗും സംഘവും വീണത്. നേരത്തെ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന ഒന്നാം പാദ മത്സരം 2-2 സമനിലയിലായിരുന്നു കലാശിച്ചത്.
മത്സരത്തില്‍ യൂസഫ് എന്‍ നിസിരി സെവിയ്യയ്‌ക്കായി ഇരട്ടഗോള്‍ നേടി. ലോറിക് ബേഡാണ് ടീമിന്‍റെ മറ്റൊരു ഗോള്‍ സ്‌കോറര്‍. കളിക്കളത്തില്‍ വരുത്തിയ പിഴവുകളാണ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ യുണൈറ്റഡിന് വിനയായത്.
സ്‌പാനിഷ് ലാലിഗയില്‍ 13-ാം സ്ഥാനക്കാരാണ് സെവിയ്യ. പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവസാന ഒമ്പത് മത്സരങ്ങളില്‍ ഒരു തോല്‍വി മാത്രം വഴങ്ങിയായിരുന്നു യുഇഎല്‍ ക്വാര്‍ട്ടര്‍ മത്സരത്തിന് എത്തിയത്. ഫുട്‌ബോള്‍ കണക്കുകള്‍ അല്ല എന്ന് തെളിയിക്കുന്ന പോരാട്ടമായിരുന്നു റാമോൺ സാഞ്ചസ് സ്റ്റേഡിയത്തില്‍ ആതിഥേയരായ സെവിയ്യ പുറത്തെടുത്തത്.
മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ട് വച്ചത് മാഞ്ചസ്റ്റര്‍ യുണൈറ്റഡായിരുന്നു. എന്നാല്‍ അവരെ ഞെട്ടിച്ച് മത്സരത്തിന്‍റെ എട്ടാം മിനിറ്റില്‍ തന്നെ ആതിഥേയര്‍ ആദ്യ ഗോള്‍ നേടി. യുണൈറ്റഡ് പ്രതിരോധനിര താരം ഹാരി മാഗ്വയറിന്‍റെയും ഗോള്‍ കീപ്പര്‍ ഡേവിഡ് ഗിയയുടെയും പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍ പിറന്നത്.
മഗ്വയറിന് അലക്ഷ്യമായി പന്തെത്തിക്കാനുള്ള ഡിഗിയയുടെ ശ്രമം എറിക് ലമേല റാഞ്ചിയെടുത്ത് എന്‍ നിസിരിക്ക് ഗോളടിക്കാന്‍ വഴിയൊരുക്കി. വലയില്‍ പന്തെത്തിയതിന് പിന്നാലെ തിരിച്ചടിക്കാനുള്ള ശ്രമങ്ങളും യുണൈറ്റഡ് തുടങ്ങി. എന്നാല്‍ പന്തുമായി കുതിച്ചെത്തിയ ചുവന്നചെകുത്താന്മാരെ സെവിയ്യന്‍ പ്രതിരോധം പൂട്ടികെട്ടി.