ഓൾഡ് ട്രഫോർഡ്:യുവേഫ യൂറോപ്പ ലീഗില്‍ ഹാട്രിക് ജയം തികച്ച് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്‌സണസും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൈപ്രസ് ക്ലബ്ബ് ഒമോനിയയെ കീഴടക്കിയപ്പോള്‍ നേര്‍വീജിയന്‍ ക്ലബ് ബോഡോ ഗ്ലിമ്റ്റിനെയാണ് ആഴ്‌സണല്‍ തോല്‍പ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇരു സംഘവും ജയം പിടിച്ചത്.
ഒമോനിയയ്‌ക്കെതിരെ സ്വന്തം തട്ടകയമായ ഓൾഡ് ട്രഫോർഡില്‍ 78 ശതമാനവും പന്ത് കൈവശം വച്ച് യുണൈറ്റഡ് ആധിപത്യം പുലര്‍ത്തി. 13 ഷോട്ടുകളാണ് സംഘംഓണ്‍ ടാര്‍ഗറ്റിലേക്ക് തൊടുത്തത്. എന്നാല്‍ ഒമോനിയ ഗോൾ കീപ്പർ ഫ്രാൻസിസ് ഒസോയുടെ തകര്‍പ്പന്‍ ഫോം യുണൈറ്റഡിന് തിരിച്ചടിയായി.
11 സേവുകളുമായാണ് താരം കളം നിറഞ്ഞത്. സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിന്‍റെ അധിക സമയത്താണ് യുണൈറ്റഡിന്‍റെ വിജയ ഗോള്‍ പിറന്നത്. പകരക്കാരനായെത്തിയ സ്‌കോട്ട് മക്‌ടോമിനെയാണ് യുണൈറ്റഡിന്‍റെ രക്ഷകനായത്. മത്സരം തീരാന്‍ വെറും 10 മിനിട്ട് മാത്രം ശേഷിക്കെയാണ് താരം കളത്തിലെത്തിയത്.
മറ്റൊരു പകരക്കാരനായ സാഞ്ചോയാണ് 93ാം മിനിട്ടില്‍ പിറന്ന ഗോളിന് വഴിയൊരുക്കിയത്. ഗ്രൂപ്പ് ഇയില്‍ യുണൈറ്റഡിന്‍റെ തുടര്‍ച്ചായ മൂന്നാം വിജയമാണിത്. നാല് മത്സരങ്ങളില്‍ നിന്നും ഒമ്പത് പോയിന്‍റോടെ ഗ്രൂപ്പില്‍ നിലവില്‍ രണ്ടാമതാണ് യുണൈറ്റഡ്.
ഗ്രൂപ്പ് എയില്‍ ആഴ്‌സണലിന് കനത്ത വെല്ലുവിളിയാവാന്‍ ബോഡോ ഗ്ലിമ്റ്റിന് കഴിഞ്ഞു. മത്സരത്തിന്‍റെ ആദ്യ പകുതിയിലാണ് ആഴ്‌സണലിന്‍റെ വിജയ ഗോള്‍ പിറന്നത്. 24ാം മിനിട്ടില്‍ ബുക്കായോ സാക്കയാണ് സംഘത്തിന്‍റെ വിജയ ഗോള്‍ നേടിയത്.
താരത്തിന്‍റെ ആദ്യ ശ്രമം ബ്ലോക്ക് ചെയ്യപ്പെട്ടു. എന്നാല്‍ തിരികെ വന്ന പന്ത് നെഞ്ചില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. രണ്ടാം പകുതിയില്‍ ഗ്ലിമ്റ്റ് കൂടുതല്‍ ഉണര്‍ന്ന് കളിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവും ആഴ്‌സണലിന്‍റെ മികവും സമനില നിഷേധിച്ചു. ഗ്രൂപ്പ് എയില്‍ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച ആഴ്‌സണലിന് ഒമ്പത് പോയിന്‍റായി. ഇതോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താനും സംഘത്തിന് കഴിഞ്ഞു.
also read: ISL : മൂന്നടിച്ച് വിജയം പിടിച്ച് ഹൈദരാബാദ്, നോർത്ത് ഈസ്റ്റിന് രണ്ടാം തോൽവി