കേരളം

kerala

ETV Bharat / sports

യൂറോ കപ്പ് യോഗ്യത റൗണ്ടില്‍ നോര്‍വേയെ തകര്‍ത്ത് സ്‌പെയിന്‍, ക്രൊയേഷ്യക്ക് വെയ്‌ല്‍സിന്‍റെ സമനില പൂട്ട് - ഡാനി ഒല്‍മൊ

നോര്‍വേയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സ്‌പെയിന്‍ പരാജയപ്പെടുത്തിയത്. ഡാനി ഒല്‍മൊ, ജൊസേലു എന്നിവരാണ് മത്സരത്തില്‍ സ്‌പാനിഷ് പടയ്‌ക്കായി എതിര്‍ ഗോള്‍ വലയില്‍ പന്തെത്തിച്ചത്

uefa euro qualifier 2024 euro qualifier 2024 spain vs norway croatia vs wales യൂറോ കപ്പ് യൂറോ കപ്പ് യോഗ്യത റൗണ്ട് സ്‌പെയിന്‍ നോര്‍വേ ക്രോയേഷ്യ വെയ്‌ല്‍സ് ഡാനി ഒല്‍മൊ ജൊസേലു
SPAIN FOOTBALL TEAM

By

Published : Mar 26, 2023, 7:46 AM IST

ആൻഡലൂസിയ (സ്‌പെയിന്‍):യൂറോ കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ നോര്‍വേയെ കീഴടക്കി സ്‌പെയിന്‍. ലാ റോസലെഡ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സ്‌പാനിഷ് പടയുടെ വിജയം. സ്‌പെയിന് വേണ്ടി ഡാനി ഒല്‍മൊ ഒന്നും ജൊസേലു രണ്ടും ഗോളുകള്‍ നേടി.

നോര്‍വേയ്‌ക്ക് എതിരായ മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ മുന്നിലെത്താന്‍ സ്‌പെയിന് സാധിച്ചു. 13-ാം മിനിറ്റിലാണ് അവര്‍ ആദ്യത്തെ ഗോള്‍ നേടിയത്. ഡാനി ഒല്‍മൊ ആയിരുന്നു ഗോള്‍ സ്‌കോറര്‍.

തുടര്‍ന്ന് ഒന്നാം പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ സ്‌പെയിനും ഒപ്പമെത്താന്‍ നോര്‍വേയ്‌ക്കും ആയില്ല. മത്സരം അവസാന പത്ത് മിനിറ്റിലേക്ക് നീങ്ങിയതിന് പിന്നാലെ ആയിരുന്നു സ്‌പെയിന്‍ ജൊസേലുവിലൂടെ രണ്ട് ഗോളുകള്‍ അടിച്ചത്. 84-ാം മിനിറ്റിലായിരുന്നു ജൊസേലു മത്സരത്തില്‍ തന്‍റെ ആദ്യ ഗോള്‍ നേടിയത്.

ഈ ഗോളാഘോഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ ജൊസേലു വീണ്ടും നോര്‍വേയുടെ വലയില്‍ പന്തെത്തിച്ചു. 85-ാം മിനിറ്റിലെ ഈ ഗോളോടെ സ്‌പെയിന്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. സൂപ്പര്‍ താരം എര്‍ലിങ് ഹാലന്‍ഡിന്‍റെ അഭാവം നോര്‍വേ മുന്നേറ്റത്തില്‍ നന്നായി പ്രകടമായ മത്സരം കൂടിയായിരുന്നു ഇത്.

സ്‌പാനിഷ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി നോര്‍വേ ആറ് ഷോട്ടുകള്‍ പായിച്ചു. എന്നാല്‍ അതില്‍ രണ്ടെണ്ണം മാത്രമാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് എങ്കിലും എത്തിയത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ സ്‌പെയിന്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്.

മാര്‍ച്ച് 29ന് സ്‌കോട്‌ലന്‍ഡിന് എതിരെയാണ് സ്‌പാനിഷ് പടയുടെ അടുത്ത മത്സരം. നോര്‍വേയ്‌ക്ക് അടുത്ത മത്സരത്തില്‍ ജോര്‍ജിയയാണ് എതിരാളി. മാര്‍ച്ച് 28നാണ് ഈ മത്സരം.

ക്രൊയേഷ്യക്ക് സമനില കുരുക്ക്:യൂറോ കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് വെയ്‌ല്‍സ്. സ്റ്റേഡിയം പൊല്‌ജുദില്‍ നടന്ന മത്സരത്തില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയാണ് പിരിഞ്ഞത്. ആദ്യ പകുതിയില്‍ മുന്നിലെത്തിയ ക്രൊയേഷ്യയെ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലൂടെയാണ് വെയ്‌ല്‍സ് സമനിലയില്‍ പൂട്ടിയത്.

മത്സരത്തിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ ആധിപത്യം പുലര്‍ത്താന്‍ ആതിഥേയരായ ക്രൊയേഷ്യക്ക് സാധിച്ചു. 28-ാം മിനിറ്റിലാണ് അവര്‍ ഗോള്‍ നേടുന്നത്. ആന്ദ്രെ ക്രമാറിച്ച് ആയിരുന്നു ഗോള്‍ സ്‌കോറര്‍.

ഈ ഒരു ഗോളിന്‍റെ ലീഡുമായി ഒന്നാം പകുതിയില്‍ കളി അവസാനിപ്പിച്ച ക്രൊയേഷ്യക്ക് പിന്നീട് പന്ത് എതിര്‍ വലയിലെത്തിക്കാന്‍ സാധിച്ചില്ല. മത്സരം ക്രൊയേഷ്യ ഏകപക്ഷീയമായ ഒരു ഗോളിന് ജയിക്കും എന്ന് തോന്നിപ്പിച്ച നിമിഷത്തിലായിരുന്നു വെയ്‌ല്‍സ് സമനില ഗോള്‍ നേടിയത്. അവസാനം അഞ്ച് മിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ച മത്സരത്തില്‍ 93-ാം മിനിറ്റിലാണ് നഥാൻ ബ്രോഡ്ഹെഡ് വെയ്‌ല്‍സിന് സമനില ഗോള്‍ സമ്മാനിച്ചത്.

നിലവില്‍ ഗ്രൂപ്പ് ഡിയില്‍ വെയ്‌ല്‍സ് ക്രൊയേഷ്യ ടീമുകള്‍ ക്രമേണ രണ്ട്, മൂന്ന് സ്ഥാനങ്ങളിലാണ്. ആദ്യ മത്സരത്തില്‍ അര്‍മേനിയയെ 2-1ന് തോല്‍പ്പിച്ച തുര്‍ക്കിയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. അടുത്ത മത്സരത്തില്‍ ക്രൊയേഷ്യ തുര്‍ക്കിയെയും വെയ്‌ല്‍സ് ലാത്വിയയെയും നേരിടും.

Also Read:അഭിമാനമായി സവീറ്റി ബൂറ ; ലോക വനിത ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക്‌ രണ്ടാം സ്വർണം

ABOUT THE AUTHOR

...view details