മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യ പാദ മത്സരത്തിൽ സ്‌പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഒരോ ഗോൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. റയൽ മാഡ്രിഡിനായി വിനീഷ്യസ് ജൂനിയറും മാഞ്ചസ്റ്റർ സിറ്റിക്കായി കെവിൻ ഡിബ്രുയിനും ഗോൾ നേടി.
റയലിന്‍റെ മൈതാനമായ സാന്‍റിയാഗോ ബെർണബ്യൂവിൽ തുടക്കം മുതൽ പന്ത് കൈവശം വച്ചുകളിച്ചത് സിറ്റിയായിരുന്നു. മത്സരത്തിന്‍റെ എട്ടാം മിനിറ്റിൽ തന്നെ റയലിന്‍റെ ഗോൾമുഖത്ത് ഡിബ്രുയിൻ അപകടം സൃഷ്‌ടിച്ചു. ബെൽജിയൻ താരത്തിന്‍റെ ബോക്‌സിന് വെളിയിൽ നിന്നുള്ള ഷോട്ട് റയൽ ഗോൾകീപ്പർ കോർട്ടോ രക്ഷപ്പെടുത്തി. പിന്നാലെ റോഡ്രിയുടെ ലോങ്റേഞ്ചർ ശ്രമവും കോർട്ടോ തടഞ്ഞു. 25-ാം മിനിറ്റിൽ ബെൻസേമയെ ലക്ഷ്യംവച്ചുള്ള വിനീഷ്യസിന്‍റെ ക്രോസ് സിറ്റി പ്രതിരോധം തടഞ്ഞു.
സിറ്റിയുടെ നിരന്താരക്രമണത്തിന് കൗണ്ടർ അറ്റാക്കിലൂടെയാണ് റയൽ മറുപടി നൽകിയത്. ഈ തന്ത്രം 36-ാം മിനിറ്റിൽ വിജയം കണ്ടു. കാമവിംഗയിൽ നിന്ന് പന്ത് സ്വീകരിച്ച വിനീഷ്യസ് ജൂനിയർ ഒരു കിടിലൻ ലോഞ്ചിലൂടെ ഗോൾകീപ്പർ എഡേഴ്‌സണെ കീഴ്‌പ്പെടുത്തി. ആദ്യ പകുതിയിൽ റയൽ മാഡ്രിഡിന്‍റെ ഏക ഗോൾശ്രമമായിരുന്നു ഇത്.