ലെയ്‌പ്‌സിഗ്:യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദ പോരാട്ടത്തില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ പൂട്ടി ആര്‍ ബി ലെയ്‌പ്‌സിഗ്. റെഡ്ബുള്‍ അരീനയില്‍ നടന്ന മത്സരം ഇരു ടീമും ഓരോ ഗോള്‍ നേടിയാണ് പിരിഞ്ഞത്. ആദ്യ പകുതിയില്‍ റിയാദ് മഹറസിലൂടെ സിറ്റി ലീഡടിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ ഗ്വാര്‍ഡിയോളാണ് ആതിഥേയര്‍ക്ക് സമനിലഗോള്‍ സമ്മാനിച്ചത്.
റെഡ്‌ബുള്‍ അരീനയിലെ ആദ്യപകുതി, ആതിഥേയരെ നിഷ്‌ഭ്രമമാക്കുന്ന പ്രകടനമാണ് സന്ദര്‍ശകരായ മാഞ്ചസ്റ്റര്‍ സിറ്റി പുറത്തെടുത്തത്. നിരന്തരമായ മുന്നേറ്റങ്ങളുമായി സിറ്റി ലെയ്‌പ്‌സിഗിനെ വിറപ്പിച്ചു. തുടര്‍ച്ചയായ നീക്കങ്ങള്‍ക്കൊടുവില്‍ മത്സരം അരമണിക്കൂര്‍ പിന്നിടും മുന്‍പ് തന്നെ ലീഡ് പിടിക്കാന്‍ അവര്‍ക്കായി.
ലെയ്‌പ്‌സിഗ് മധ്യനിര താരം സാവര്‍ ഷ്‌ലാഗറിന്‍റെ പിഴവ് മുതലെടുത്താണ് മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ നേടിയത്. ബോക്‌സിന് തൊട്ട് പുറത്ത് നിന്നും ഷ്‌ലാഗര്‍ സഹതാരത്തെ ലക്ഷ്യമാക്കി നല്‍കിയ ദുര്‍ബലമായ പാസ് റാഞ്ചിയെടുത്ത് ജാക്ക് ഗ്രീലിഷാണ് മുന്നേറ്റത്തിന് തുടക്കമിട്ടത്. ഗ്രീലിഷില്‍ നിന്നും പന്ത് ഗുണ്ടോഗന്‍റെ കാലുകളിലേക്കെത്തി.
ഈ സമയം, എതിര്‍ ബോക്‌സിനുള്ളിലേക്ക് ഓടിക്കയറിയ റിയാദ് മഹറസിലേക്ക് ഗുണ്ടോഗന്‍ പന്തെത്തിച്ചു. ഗുണ്ടോഗന്‍റെ പാസ് സ്വീകരിച്ച് മഹ്‌റസ് റൈറ്റ് ബോട്ടം കോര്‍ണറിലൂടെ പന്ത് ലെയ്‌പ്‌സിഗിന്‍റെ വലയിലെത്തിച്ചു. മത്സരത്തിന്‍റെ 27-ാം മിനിട്ടിലായിരുന്നു ഈ ഗോള്‍, തുടര്‍ന്നും ലെയ്‌പ്‌സിഗിനെ വിറപ്പിക്കുന്ന മുന്നേറ്റങ്ങള്‍ സിറ്റി നടത്തി.
അതൊന്നും കൃത്യമായി എതിര്‍ ഗോള്‍ വലയ്‌ക്കുള്ളിലെത്തിക്കാന്‍ അവര്‍ക്കായില്ല. മറുവശത്ത് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് ലെയ്‌പ്‌സിഗ് മികച്ച ഒരു മുന്നേറ്റം നടത്തിയത്. എന്നാല്‍ അത് കൃത്യമായി സിറ്റി ഗോള്‍ കീപ്പര്‍ എഡേര്‍സണ്‍ കൈപ്പിടിയിലൊതുക്കുകയായിരുന്നു.