ന്യോണ്‍:യുവേഫ ചാമ്പ്യന്‍സ് ലീഗ് (UEFA Champions League) പ്രീ ക്വാര്‍ട്ടര്‍ നറുക്കെടുപ്പ് പൂര്‍ത്തിയായി. സ്വിറ്റ്സർലൻഡിലെ ന്യോണിലുള്ള യുവേഫയുടെ ആസ്ഥാനത്താണ് നറുക്കെടുപ്പ് നടന്നത്. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനത്ത് എത്തിയ ടീമുകള്‍ക്കാണ് പ്രീ ക്വാര്‍ട്ടര്‍ യോഗ്യത ലഭിച്ചത്. 32 ടീമുകളെ നാല് വീതമുള്ള എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രഥമിക ഘട്ടം നടന്നത്.
ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെ സീഡഡും രണ്ടാം സ്ഥാനക്കാരെ അണ്‍ സീഡഡുമായാണ് പരിഗണിച്ചത്. ഇതോടെ സീഡഡ് ടീമുകൾക്ക് അണ്‍ സീഡഡ് ആയ ടീമുകള്‍ എതിരായ വരുന്ന രീതിയിലായിരുന്നു നറുക്കെടുപ്പ്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് എഫ്‌സി കോപ്പൻഹേഗനാണ് എതിരാളി. (Manchester City vs FC Copenhagen)
ഗ്രൂപ്പ് ജിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമതെത്തിയപ്പോള്‍ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായിരുന്നു എഫ്‌സി കോപ്പൻഹേഗൻ. സ്‌പാനിഷ് കരുത്തരായ ബാഴ്‌സലോണയ്‌ക്ക് നപ്പോളിയില്‍ നിന്നും കടുത്ത പരീക്ഷണം തന്നെ നേരിടേണ്ടി വരും. (Napoli vs FC Barcelona) എന്നാല്‍ ആർബി ലീപ്സിഗിനെ എതിരെ കിട്ടിയ റയല്‍ മാഡ്രിഡിന് കാര്യങ്ങള്‍ താരതമ്യേന എളുപ്പമാണ്.
ബാഴ്‌സലോണ ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനക്കാരായപ്പോള്‍ സിയില്‍ രണ്ടാം സ്ഥാനത്തായിരുന്നു നാപ്പോളി. റയല്‍ മാഡ്രിഡ് ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായിരുന്നു. ഗ്രൂപ്പ് ജിയില്‍ നിന്നായിരുന്നു ആർബി ലീപ്സിഗിന്‍റെ മുന്നേറ്റം. (RB Leipzig vs Real Madrid) ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിന് ഗ്രൂപ്പ് എച്ചില്‍ നിന്നുള്ള പോർട്ടോയാണ് എതിരാളി. (FC Porto vs Arsenal)