ഡോര്‍ട്ട്മുണ്ട്:ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ഒന്നാം പാദ മത്സരത്തില്‍ ചെല്‍സിയെ തകര്‍ത്ത് ബൊറൂസിയ ഡോര്‍ട്ടുമുണ്ട്. സിഗ്നൽ ഇദുന പാർക്കില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ജര്‍മ്മന്‍ ക്ലബ് ജയിച്ചത്. 63-ാം മിനിട്ടില്‍ കരീം അദെയേമിയാണ് ഡോര്‍ട്ട്‌മുണ്ടിനായി ഗോള്‍ നേടിയത്. മാര്‍ച്ച് എട്ടിന് ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാഫോര്‍ഡ് ബ്രിഡ്‌ജിലാണ് രണ്ടാം പാദമത്സരം.
ഇത് ആദ്യമായിട്ടായിരുന്നു യൂറോപ്യന്‍ പോരില്‍ ഇരു ടീമും മുഖാമുഖം വരുന്നത്. കരുതലോടെയായിരുന്നു രണ്ട് ടീമുകളുടെയും മുന്നേറ്റങ്ങളും. മത്സരത്തിന്‍റെ ആദ്യ 25 മിനിട്ടുവരെ കാര്യമായ ആക്രമണങ്ങളൊന്നും രണ്ട് ടീമിന്‍റെയും ഭാഗത്ത് നിന്നുണ്ടായില്ല.
എന്നാല്‍ ഈ സമയത്തിനുള്ളില്‍ ചെല്‍സിയുടെ രണ്ട് താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് കിട്ടിയിരുന്നു. മത്സരത്തിന്‍റെ ഒമ്പതാം മിനിട്ടില്‍ പ്രതിരോധനിര താരം റീസ് ജെയിംസിനാണ് ആദ്യം യെല്ലോ കാര്‍ഡ് ലഭിച്ചത്. പിന്നാലെ 24-ാം മിനിട്ടിലെ ഹാന്‍ഡ്‌ബോളിന് തിയാഗോ സില്‍വയ്‌ക്കും കാര്‍ഡ് കിട്ടി.
പിന്നീട് ഇരു ടീമുകളും ഉണര്‍ന്ന് കളിച്ചതോടെ മികച്ച മുന്നേറ്റങ്ങളും പിറന്നു. ഡോര്‍ട്ട്മുണ്ടിന്‍റെ ജൂലിയന്‍ ബ്രാന്‍ഡിനും, ചെല്‍സിയുടെ ജാവോ ഫെലിക്‌സിനും മികച്ച അവസരങ്ങള്‍ കിട്ടിയെങ്കിലും ഒന്നും ഗോളാക്കി മാറ്റാനായില്ല. ഇതോടെ മത്സരത്തിന്‍റെ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ തന്നെ ഇരു ടീമുകളും എതിര്‍ ബോക്‌സിലേക്ക് മികച്ച മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. ഇവയ്‌ക്കെല്ലാം ഒടുവില്‍ മത്സരത്തിന്‍റെ 63-ാം മിനിട്ടില്‍ ജര്‍മ്മന്‍ ക്ലബ്ബ് ചെല്‍സിയെ ഞെട്ടിച്ചു. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ കരീം അദെയേമി ഇംഗ്ലീഷ് ക്ലബ്ബിന്‍റെ വലയില്‍ പന്തെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് കളിക്കളത്തില്‍ മാറ്റങ്ങള്‍ വരുത്തി ഗോള്‍ തിരിച്ചടിക്കാന്‍ ചെല്‍സി ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഗോള്‍ മാത്രം നേടാന്‍ അവര്‍ക്കായില്ല. തുടര്‍ന്ന് കളി പരുക്കനായി മാറിയതോടെ ഇരു ടീമിലെ താരങ്ങള്‍ക്കും റഫറി യെല്ലോ കാര്‍ഡ് വാര്‍ണിങ് നല്‍കി.
മത്സരത്തില്‍ ആകെ പത്ത് തവണ റഫറി മഞ്ഞ കാര്‍ഡ് പുറത്തെടുത്തിരുന്നു. ഒടുവില്‍ നിശ്ചിത സമയവും അധികമായി അനുവദിച്ച ആറ് മിനിട്ടും കഴിഞ്ഞ് അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് താരങ്ങളും ആരാധകരും ആവേശത്തിലായി. 2014 ന് ശേഷം ജര്‍മ്മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഒരു ഇംഗ്ലീഷ് ടീമിനെതിരെ ചാമ്പ്യന്‍സ് ലീഗില്‍ നേടുന്ന ആദ്യത്തെ വിജയം കൂടിയായിരുന്നു ഇത്.
രണ്ടടി മുന്നില്‍ ബെന്‍ഫിക്ക:ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിലെ മറ്റൊരു മത്സരത്തില്‍ ക്ലബ്ബ് ബ്രൂഗ ബെന്‍ഫിക്കയോട് പരാജയപ്പെട്ടു. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബെന്‍ഫിക്ക ബെല്‍ജിയം ക്ലബ്ബിനെ പരാജയപ്പെടുത്തിയത്. ജോവോ മരിയോ, ഡേവിഡ് നെറസ് എന്നിവരായിരുന്നു ഗോള്‍ സ്‌കോറര്‍മാര്‍.
മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് ബെന്‍ഫിക്ക രണ്ട് ഗോളും അടിച്ചത്. 51-ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ ജോവോ മരിയോ ആണ് പോര്‍ച്ചുഗല്‍ ക്ലബ്ബിന് ആദ്യം ലീഡ് സമ്മാനിച്ചത്. തുടര്‍ന്ന് 88-ാം മിനിട്ടില്‍ ഡേവിഡ് നെറസിലൂടെ സന്ദര്‍ശകര്‍ ലീഡുയര്‍ത്തി. മാര്‍ച്ച് എട്ടിന് ബെന്‍ഫിക്കയുടെ ഹോം ഗ്രൗണ്ടിലാണ് ഇരുടീമുകളും തമ്മിലേറ്റുമുട്ടുന്ന ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരം.