പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളില്‍ കന്നി കിരീടം ലക്ഷ്യം വയ്‌ക്കുന്ന ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജിക്ക് വമ്പന്‍ തിരിച്ചടി. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മർ ജൂനിയറിന് സീസണിലെ ശേഷിച്ച മത്സരങ്ങളില്‍ കളിക്കാനായേക്കില്ല. വലത് കണങ്കാലിലെ ലിഗമെന്‍റിനേറ്റ പരിക്കാണ് 31കാരന് കളത്തിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്.
നെയ്‌മര്‍ ഉടന്‍ തന്നെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാവുമെന്നും പിഎസ്‌ജി അറിയിച്ചിട്ടുണ്ട്. ദോഹയിലാണ് താരത്തിന്‍റെ ശസ്‌ത്രക്രിയ നടക്കുക. ഇതോടെ മൂന്ന് മുതല്‍ നാല് വരെ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിശ്രമത്തിന് ശേഷം മാത്രമേ നെയ്‌മര്‍ക്ക് പരിശീലനത്തിനായി മടങ്ങിയെത്താനാവുകയെന്നും ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 20ന് ഫ്രഞ്ച് ലീഗില്‍ ലില്ലെയ്‌ക്കെതിരായ മത്സരത്തിനിടെയാണ് നെയ്‌മര്‍ക്ക് പരിക്കേല്‍ക്കുന്നത്. പരിക്കേറ്റതിനെ തുടര്‍ന്ന് സ്‌ട്രെക്‌ച്ചറിലായിരുന്നു ബ്രസീല്‍ സ്ട്രൈക്കറെ പുറത്തെത്തിച്ചത്. സമീപ വര്‍ഷങ്ങളിലായി പലതവണ പരിക്കേറ്റ ഭാഗത്താണ് നെയ്‌മര്‍ക്ക് വീണ്ടും പരിക്കേറ്റിരിക്കുന്നതെന്നും പിഎസ്‌ജി വ്യക്തമാക്കിയിട്ടുണ്ട്.
മെഡിക്കര്‍ സംഘം നടത്തിയ പരിശോധനയ്‌ക്ക് ശേഷമാണ് ആവർത്തിച്ചുള്ള പരിക്കിലെ വലിയ അപകടസാധ്യത ഒഴിവാക്കാൻ ലിഗമെന്‍റിന് ശസ്‌ത്രക്രിയ ആവശ്യമാണെന്ന് കണ്ടെത്തിയത്. നെയ്‌മറുടെ പരിക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച എല്ലാ വിദഗ്‌ധരും ഈ ആവശ്യകത സ്ഥിരീകരിച്ചതായും ക്ലബ് കൂട്ടിച്ചേര്‍ത്തു.
ലില്ലെയ്‌ക്ക് എതിരായ മത്സരത്തിന് ശേഷം പിഎസ്‌ജി കളിച്ച രണ്ട് മത്സരങ്ങളിലും നെയ്‌മര്‍ ഇറങ്ങിയിരുന്നില്ല. പിഎസ്‌ജിക്കായി മികച്ച പ്രകടനമാണ് ഈ സീസണിലും നെയ്‌മര്‍ നടത്തിയിരുന്നത്. ഫ്രഞ്ച് ലീഗില്‍ 13 ഗോളുകളടിച്ച 31കാരന്‍ 11 ഗോളുകള്‍ക്ക് അസിസ്റ്റും നല്‍കിയിട്ടുണ്ട്. ഈ സീസണിൽ ആകെ 29 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും 17 അസിസ്റ്റുകളുമാണ് താരത്തിന്‍റെ സമ്പാദ്യം.