ടൂറിന്‍:ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ജയം പിടിച്ച് പിഎസ്‌ജി. യുവന്‍റെസിനെതിരായ മത്സരത്തില്‍ 2-1നായിരുന്നു ഫ്രഞ്ച് ക്ലബിന്‍റെ വിജയം. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായാണ് പിഎസിജി അവസാന പതിനാറിലേക്ക് മുന്നേറിയത്.
മത്സരത്തിന്‍റെ 13ാം മിനിട്ടില്‍ കിലിയന്‍ എംബാപ്പെയിലൂടെ തന്നെ സന്ദര്‍ശകര്‍ ലീഡ് നേടി. മെസി നല്‍കിയ പാസ് സ്വീകരിച്ചായിരുന്നു എംബാപ്പെയുടെ ഗോള്‍. ഇറ്റാലിയന്‍ ക്ലബ്ബിനെതിരെ സ്‌കോര്‍ ചെയ്‌തതോടെ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ നാല്‍പത് ഗോളുകള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും എംബാപ്പെ സ്വന്തം പേരിലാക്കി.
തുടര്‍ന്ന് ആദ്യ പകുതിയില്‍ തന്നെ യുവന്‍റസ് സമനില പിടിച്ചു. 39ാം മിനിട്ടില്‍ ലിയനാര്‍ഡോ ബൊനുച്ചിയാണ് യുവന്‍റസിനായി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയിലാണ് പിഎസ്‌ജിയുടെ വിജയഗോള്‍ പിറന്നത്.
69ാം മിനിട്ടിലായിരുന്നു ഗോള്‍. പിഎസ്‌ജി ഡിഫന്‍ഡര്‍ ന്യൂനോ മെന്‍ഡിസാണ് ഗോള്‍ നേടിയത്. ആദ്യ ഗോള്‍ നേടിയ എംബാപ്പെയാണ് മത്സരത്തില്‍ പിസ്‌ജി വിജയഗോളിന് വഴിയൊരുക്കിയത്.
ലീഗിലെ മറ്റൊരു മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം മൂന്നെണ്ണം തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ജയം സ്വന്തമാക്കി. എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്‌പാനിഷ് ക്ലബ് സെവിയ്യക്കെതിരെ 3-1ന്‍റെ വിജയമാണ് ഇംഗ്ലീഷ് ക്ലബ് നേടിയത്. സിറ്റി സര്‍വാധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ റിക്കോ ലൂയിസ്, ജൂലിയന്‍ അല്‍വാരസ്, റിയാദ് മെഹ്‌റസ് എന്നിവരാണ് ആതിഥേയര്‍ക്കായി ഗോളുകള്‍ നേടിയത്. റാഫാ മിര്‍ വകയായിരുന്നു സന്ദര്‍ശകരുടെ ഏകഗോള്‍.
ഇന്ന് പുലര്‍ച്ചെ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ചെല്‍സിക്കും ജയം. ഡൈനമോ സാഗ്രെബിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു മത്സരത്തില്‍ ക്രൊയേഷ്യന്‍ ക്ലബ് തോല്‍വി വഴങ്ങിയത്.