മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്നിറങ്ങും. ഒന്നാംപാദ മത്സരത്തിൽ പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡാണ് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ ഡച്ച് ശക്‌തികളായ അയാക്‌സ്, ബെന്‍ഫിക്കയെ നേരിടും. രാത്രി 1.30നാണ് മത്സരങ്ങള്‍.
ഈ സീസണിലെ മോശം ഫോമിനെ മറികടന്ന് ചാമ്പ്യൻസ് ലീഗിൽ ഒരു പടി കൂടി മുന്നോട്ടു വെക്കുകയെന്ന ലക്ഷ്യമായിരിക്കും രണ്ടു ടീമുകൾക്കും ഉണ്ടാവുക. പ്രീമിയര്‍ ലീഗില്‍ കിരീടസ്വപ്‌നം ഏറെക്കുറെ അസ്‌തമിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കില്ല. ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്കെതിരെ ചാമ്പ്യന്‍സ് ലീഗിലെ അവസാന നാല് മത്സരങ്ങളിലും തോല്‍വിയെന്ന നാണക്കേട് മാറ്റാനാവും അത്ലറ്റിക്കോയുടെ ശ്രമം.
ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ മികച്ച ഫോമും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യവും യുണൈറ്റഡിന് കരുത്താകും. അത്ലറ്റികോ മാഡ്രിഡിനെതിരെ എല്ലായ്‌പ്പോഴും തന്‍റെ മികച്ച ഫോം പുറത്തെടുത്തിട്ടുള്ള ക്രിസ്റ്റ്യാനോ ഈ മത്സരത്തിലും അതുതന്നെ ആവർത്തിക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു.