മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി. സ്വന്തം മൈതാനത്ത് എഫ്‌സി കോപ്പൻഹേഗനെ നേരിട്ട സിറ്റി എതിരില്ലാത്ത അഞ്ച് ഗോളുകളുടെ ജയമാണ് നേടിയത്. ഗ്രൂപ്പ് സ്റ്റേജിൽ സിറ്റിയുടെ തുടർച്ചയായ മൂന്നാം ജയമാണിത്.
ഗോളടിയന്ത്രം എർലിങ് ഹാളണ്ട് ഇരട്ട ഗോളുകൾ നേടിയപ്പോൾ റിയാദ് മെഹ്‌റസ്, ജൂലിയൻ അൽവാരസ് എന്നിവർ ഓരോ ഗോളുകൾ നേടി. ഒരു ഗോൾ കോപ്പൻഹേഗ് താരത്തിന്‍റെ സെൽഫ് ഗോളാണ്. 12 മത്സരങ്ങളിൽ നിന്നും ഹാളണ്ടിന്‍റെ 19 ഗോളുകളാണ് സിറ്റി ജഴ്‌സിയിൽ അടിച്ചുകൂട്ടിയത്.
ബ്രസീലിയൻ കരുത്തിൽ റയൽ മാഡ്രിഡ്;2014-15 സീസണിന് ശേഷം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് വിജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. സ്വന്തം മൈതാനത്ത് ഷാക്തർ ഡൊണടെസ്‌കിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയലിന്‍റെ വിജയം. റയലിനായി ബ്രസീലിയൻ താരങ്ങളായ റോഡ്രിഗോയും വിനീഷ്യസ് ജൂനിയറും വലകുലുക്കിയപ്പോൾ ഒലക്സാണ്ടർ സുബ്‌കോവാണ് ഷാക്തറിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്.
മത്സരത്തിന്‍റെ 13-ാം മിനുറ്റിൽ റോഡ്രിഗോയിലൂടെയാണ് റയൽ ലീഡെടുത്തത്. യുവമിഡ്‌ഫീല്‍ഡര്‍ ഒറെലിയന്‍ ചൗമെനിയാണ് ഗോളിനായി അവസരം ഒരുക്കിയത്. 28-ാം മിനുറ്റിൽ റോഡ്രിഗോയുടെ പാസിൽ വിനീഷ്യസ് ജൂനിയർ റയലിന്‍റെ ലീഡ് ഇരട്ടിയാക്കി. 39-ാം മിനുറ്റിലാണ് ഒലക്‌സാണ്ടർ സുബ്‌കോവിന്‍റെ മനോഹരമായ വോളിയിലൂടെയാണ് ഷാക്‌തർ ഒരു ഗോൾ മടക്കിയത്.