ഏഴ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ കളിക്കാനെത്തുന്ന ആഴ്‌സണൽ, സമീപകാലത്ത് യൂറോപ്പ ലീഗിലെ മുടിചൂടാമന്നൻമാരായ സെവിയ്യ... ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ബിയിൽ തുല്ല്യരുടെ പോരാട്ടങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. ഫ്രഞ്ച് ലീഗ് ക്ലബായ ലെൻസ്, ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുടീമുകൾ. എങ്കിലും ഈ ഗ്രൂപ്പിൽ നിന്നും പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണൽ ഒന്നാമതായി ഗ്രൂപ്പ് ഘട്ടം കടക്കുമെന്നാണ് വിലയിരുത്തൽ. രണ്ടാം സ്ഥാനത്തിനും ഗ്രൂപ്പ് ഘട്ടം കടക്കുന്നതിനുമായി മികച്ച പോരാട്ടം തന്നെയാകും നടക്കുക (UEFA Champions League Group B).
ഗ്രൂപ്പ് ബി: ആഴ്‌സണൽ, സെവിയ്യ, ലെൻസ്, പിഎസ്‌വി ഐന്തോവൻ
ആഴ്‌സണൽ (Arsenal): 2016-17 സീസണിലാണ് ആഴ്‌സണൽ അവസാനമായി ചാമ്പ്യൻസ് ലീഗ് (UEFA Champions League) കളിച്ചത്. അന്ന് പിഎസ്‌ജി ഉൾപ്പെട്ട ഗ്രൂപ്പ് എയിൽ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ആഴ്‌സണൽ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചത്. പ്രീ ക്വാർട്ടറിൽ ബയേണിനോട് വമ്പൻ തോൽവി വഴങ്ങിയാണ് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായത്. തുടർന്നുള്ള ഏഴ് വർഷങ്ങൾ ആഴ്‌സണലിന് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാനായിരുന്നില്ല.
എന്നാൽ കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ രണ്ടാമതെത്തിയാണ് പീരങ്കിപ്പട യൂറോപ്യൻ പോരാട്ടത്തിനെത്തുന്നത്. ആഴ്‌സണില്‍ പോലെയൊരു വമ്പൻ ക്ലബിന് ഇതൊരു വലിയ ഇടവേള തന്നെയാണ്. കഴിഞ്ഞ പ്രീമിയർ ലീഗിലെ കിരീടപ്പോരാട്ടത്തിൽ സിറ്റിയോട് ഇഞ്ചോടിഞ്ച് പൊരുതിയ ആഴ്‌സണൽ, കൂടുതൽ മികച്ച പ്രകടനം നടത്തുക എന്ന ലക്ഷ്യത്തോടെയാകും പന്തുതട്ടുക.
2019 ൽ പ്രധാന പരിശീലകനായി എത്തിയ മൈക്കൽ അർട്ടേറ്റയുടെ നാല് വർഷത്തെ പരിശ്രമത്തിന്‍റെ ഫലമാണ് ഇന്ന് നാം കാണുന്ന ആഴ്‌സണൽ ടീം. പ്രതിഭാധനരായ ഒരുപിടി യുവതാരങ്ങളാണ് ആഴ്‌സണലിനെ യൂറോപ്പിലെ ഏറ്റവും മികച്ച സ്ക്വാഡുകളിൽ ഒന്നാക്കി നിലനിർത്തുന്നത്. അതോടൊപ്പം തന്നെ മത്സരഫലം അനുകൂലമാക്കാൻ കഴിയുന്ന വിധത്തിൽ താരങ്ങളെ മിനുക്കിയെടുക്കുന്നതിൽ അർട്ടേറ്റ വിജയിച്ചു. അതുതന്നെയാണ് നിലവിൽ ആഴ്‌സണലിന്‍റെ കരുത്ത്.
ഈ സീസണിൽ സിറ്റിക്കെതിരായ കമ്മ്യൂണിറ്റി ഷീൽഡ് ഫൈനലിലും ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിലും ഈ പോരാട്ട വീര്യം നാം കണ്ടതാണ്. കായ് ഹവേർട്‌സ്, ഡെക്ലാൻ റൈസ്, ജൂറിയൻ ടിംബർ, ഗോൾകീപ്പർ ഡേവിഡ് റയ എന്നിവരടയ്‌ക്കമുള്ള യുവതാരങ്ങളെയാണ് ഗണ്ണേഴ്‌സ് ഈ ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കിയത്. ഇവർക്കൊപ്പം മാർടിൻ ഒഡെഗാർഡ്, ഗബ്രിയേൽ ജിസ്യൂസ്, മാർട്ടിനെല്ലി അടക്കമുള്ള താരങ്ങളും ചേരുന്നതോടെ അർട്ടേറ്റയുടെ ടീം കൂടുതൽ കരുത്താർജിക്കും.
2016-17 സീസൺ വരെ ചാമ്പ്യൻസ് ലീഗിലെ സ്ഥിര സാന്നിധ്യമായിരുന്ന ആഴ്‌സണലിന് ഇതുവരെ കിരീടം നേടാനായിട്ടില്ല. 2005-06 സീസണിൽ ഫൈനലിലെത്തിയതാണ് മികച്ച പ്രകടനം. സ്‌പാനിഷ് വമ്പൻമാരായ ബാഴ്‌സലോണയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ആഴ്‌സണലിന്‍റെ തോൽവി. മത്സരത്തിന്‍റെ 37-ാം മിനിട്ടിൽ കാമ്പെൽ നേടിയ ഗോളിലൂടെ ആഴ്‌സണലാണ് മുന്നിലെത്തിയത്. എന്നാൽ 76-ാം മിനുട്ടിൽ സാമുവൽ എറ്റു നേടിയ മനോഹര ഗോളിലൂടെ ഒപ്പമെത്തിയ ബാഴ്‌സ നാല് മിനിട്ടിനകം ബെല്ലേറ്റിയിലൂടെ ലീഡെടുക്കുകയും കിരീടം ഉറപ്പിക്കുകയും ചെയ്‌തു.
സെവിയ്യ (Sevilla): യൂറോപ്പ ലീഗ് ജേതാക്കളായിട്ടാണ് സെവിയ്യ എത്തുന്നത്. കൂടുതൽ തവണ യൂറോപ്പ ലീഗ് ജേതാക്കളായ പെരുമയുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗിൽ സെവിയ്യയുടെ പ്രകടനം അത്ര മികച്ചതല്ല. 2017-18 സീസണിൽ ക്വാർട്ടർ ഫൈനലിലെത്തിയതാണ് മികച്ച പ്രകടനം.
കഴിഞ്ഞ സീസണിൽ സിറ്റിയും ഡോർട്‌മുണ്ടും അടങ്ങിയ ഗ്രൂപ്പ് ജിയിൽ മൂന്നാമതായിരുന്നു സെവിയ്യയുടെ സ്ഥാനം. ഇതോടെ യൂറോപ്പ ലീഗിലേക്കെത്തിയ സെവിയ്യ കിരീടത്തോടെയാണ് സീസൺ അവസാനിപ്പിച്ചത്. പതിവുപോലെ ലാലിഗയിൽ മോശം പ്രകടനമായിട്ടും ഈ കിരീടനേട്ടമാണ് ഇത്തവണയും ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിക്കൊടുത്തത്.
പരിശീലകൻ ജൊസെ ലൂയിസ് മെൻഡ്‌ലിബാറിന് കീഴിൽ കളിക്കുന്ന സെവിയ്യയുടെ രണ്ട് പ്രധാന താരങ്ങൾ ഇത്തവണ ടീം വിട്ടു. മൊറോക്കൻ ഗോൾകീപ്പർ യൂനസ് ബോണോ സൗദി ക്ലബായ അൽ ഹിലാലിൽ ചേർന്നപ്പോൾ അർജന്‍റൈൻ പ്രതിരോധ താരം ഗോൺസലോ മോണ്ടിയൽ പ്രീമിയർ ലീഗ് ക്ലബായ നോട്ടിങ്ഹാം ഫോറസ്റ്റുമായി കരാറിലെത്തി. ഈ കൂടുമാറ്റം ടീമിന്‍റെ മുന്നോട്ടുള്ള കുതിപ്പിനെ സാരമായി ബാധിക്കാനാണ് സാധ്യത. സിറ്റിക്കെതിരായ സൂപ്പർ കപ്പ് ഫൈനലിൽ കളിച്ച ശേഷമാണ് ബോണോ ടീം വിട്ടത്.
മൊറോക്കൻ സ്ട്രൈക്കർ യൂസഫ് എൻ-നെസിരി, അർജന്‍റൈൻ താരം ലൂകാസ് ഒകമ്പസ്, എറിക് ലമേല എന്നിവരാണ് മുന്നേറ്റത്തിലെ പ്രധാന താരങ്ങൾ. ഇവർക്കൊപ്പം പരിചയസമ്പന്നരായ ഇവാൻ റാകിറ്റിച്ച്, ജീസസ് നവാസ് എന്നിവരും ടീമിന് കരുത്തേകും. മോണ്ടിയലിന് പകരക്കാരനായി സെർജിയോ റാമോസിനെയാണ് സെവിയ്യ ടീമിലെത്തിച്ചത്. മാർകോസ് അക്യൂനയ്‌ക്കൊപ്പം പരിചയ സമ്പന്നനായ റാമോസ് എത്തുന്നതോടെ പ്രതിരോധത്തിലെ പോരായ്‌മകൾ ഒരു പരിധിവരെ മറികടക്കാം.
ലെൻസ് (RC Lens):ലീഗ് വണ്ണിൽ റണ്ണേഴ്‌സ് അപ്പായിട്ടാണ് ലെൻസ് ചാമ്പ്യൻസ് ലിഗിനെത്തുന്നത്. പിഎസ്‌ജിക്കൊപ്പം കിരീടപ്പോരാട്ടത്തിൽ ഒപ്പത്തിനൊപ്പമുള്ള പ്രകടനമായിരുന്നു ലെൻസ് നടത്തിയിരുന്നത്. ഒരു പോയിന്‍റ് വ്യത്യാസത്തിലാണ് കിരീടം നഷ്‌ടമായത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഫ്രാൻസിലെ രണ്ടാം ഡിവിഷൻ ലീഗിലാണ് ലെൻസ് കളിച്ചിരുന്നത്. അവിടെ നിന്ന് ലീഗ് വണ്ണിലേക്ക് യോഗ്യത നേടുന്നത്. 20 വർഷത്തിന് ശേഷമാണ് ചാമ്പ്യൻസ് ലീഗിനെത്തുന്നത്.
2002-03 സീസണിലാണ് അവസാനമായി കളിച്ചത്. 2003ൽ എസി മിലാനും ബയേണും ഉൾപ്പെട്ട ഗ്രൂപ്പിൽ മൂന്നാമതായാണ് ഫിനിഷ് ചെയ്‌തത്. 20 വർഷത്തിന് ശേഷം ഗ്രൂപ്പ് മത്സരത്തിനെത്തുന്ന ലെൻസിനും പ്രധാന താരങ്ങളുടെ ട്രാൻസ്‌ഫറുകൾ വെല്ലുവിളി ഉയർത്തും. പ്രധാന താരമായിരുന്ന സെക്കോ ഫൊഫാനയും കഴിഞ്ഞ സീസണിൽ 21 ഗോളുമായി ടോപ് സ്‌കോറർ ആയിരുന്ന ലൂയിസ് ഒപ്പണ്ടയുമാണ് ക്ലബ് വിട്ടത്. സെക്കോ ഫൊഫാന സൗദി ക്ലബ് അൽ - നസ്‌റിൽ ചേർന്നപ്പോൾ ഒപ്പണ്ട ജർമൻ ക്ലബ് ആർബി ലെയ്‌പ്‌സിഗിലേക്കാണ് പോയത്. ഇത്തവണ ലീഗ് വണ്ണിന്‍റെ തുടക്കത്തിലെ പ്രകടനവും അത്ര മികച്ചതല്ല.
പിഎസ്‌വി ഐന്തോവൻ (PSV Eindhoven): ഗ്രൂപ്പ് ബിയിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ടീമാണ് ഡച്ച് വമ്പൻമാരായ പിഎസ്‌വി. 1988 ൽ യൂറോപ്യൻ കപ്പായിരുന്ന സമയത്തായിരുന്നു കിരീടനേട്ടം. എന്നാൽ ഇത്തവണ പ്ലേ ഓഫ് മത്സരം കളിച്ചാണ് പിഎസ്‌വി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയത്. സ്‌കോട്ടിഷ് ക്ലബ് റേഞ്ചേഴ്‌സിനെ 5-1നാണ് പരാജയപ്പെടുത്തിയത്. ഹോം മത്സരത്തിൽ ലഭിക്കുന്ന മികച്ച ആരാധക പിന്തുണയാണ് ഡച്ച് ക്ലബിന് പ്രതീക്ഷ നൽകുന്നത്.
ടീമിലെ പ്രധാനിയായിരുന്ന സാവി സിമോൺസ് കഴിഞ്ഞ സീസണിൽ ടീം വിട്ടു. ഇതോടെ പേരെടുത്ത് പറയാൻ മാത്രം മികച്ച താരങ്ങളൊന്നും ഇത്തവണ പിഎസ്‌വി നിരയിലില്ല. ഡച്ച് താരങ്ങളായ ലൂക് ഡിജോങും നോ ലാങുമാണ് മുന്നേറ്റത്തിലുള്ളത്.
ഗ്രൂപ്പിലെ ശ്രദ്ധിക്കേണ്ട മത്സരം; ആഴ്‌സണലും സെവിയ്യയും തമ്മിലുള്ള മത്സരമായിരിക്കും ഗ്രൂപ്പ് ജേതാക്കളെ നിർണയിക്കുക. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഇരുടീമുകളും രണ്ട് തവണയാണ് നേർക്കുനേർ വന്നത്. 2007-08 സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന മത്സരങ്ങളിൽ ഇരു ടീമുകളും ഒരോ തവണ വീതം ജയം നേടി.