ഹൈദരാബാദ്:യുവേഫ ചാമ്പ്യൻസ് ലീഗിന്‍റ ഈ സീസണിലെ മരണ ഗ്രൂപ്പായി കണക്കാക്കാവുന്നതാണ് ഗ്രൂപ്പ് സി. ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക്, സ്‌പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ, ഇറ്റാലിയന്‍ വമ്പന്മാരായ ഇന്‍റര്‍ മിലാന്‍ എന്നിവയ്‌ക്ക് പുറമെ ചെക്ക് റിപ്പബ്ലിക് ക്ലബ് വിക്‌ടോറിയ പ്ലസെനുമാണ് ഗ്രൂപ്പ് സിയിലുള്ളത്.
ഗ്രൂപ്പ് സി: ബയേൺ മ്യൂണിക്, ബാഴ്‌സലോണ, ഇന്‍റർ മിലാൻ, വിക്ടോറിയ പ്ലസെൻ
ബാഴ്‌സലോണയും ബയേണ്‍ മ്യൂണിക്കും നേർക്ക് നേർ പോരടിക്കുന്നതാണ് ഈ ഗ്രൂപ്പിലെ തീപാറും പോരാട്ടം. കഴിഞ്ഞ സീസണിലും ബാഴ്‌സയും ബയേണും ഒരേ ഗ്രൂപ്പിൽ തന്നെയായിരുന്നു. അവസാന സീസണിലെ രണ്ട് മത്സരത്തിലും എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബാഴ്‌സ പരാജയപ്പെട്ടിരുന്നു. ബയേണിന്‍റെ മുന്‍ താരമായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഇക്കുറി ബാഴ്‌സയ്‌ക്കായി പന്ത് തട്ടുന്നതും ഇരുവരും തമ്മിലുള്ള മത്സരത്തിന്‍റെ ആവേശം വര്‍ധിപ്പിക്കും.
കഴിഞ്ഞ സീസണിൽ ബയേണിന് മുന്നിൽ തകർന്നടിഞ്ഞ ബാഴ്‌സലോണ ബെനഫിക്കയ്ക്ക് പിന്നിൽ മൂന്നാമതായാണ് ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കിയത്. നോക്കൗട്ടിലെത്താനാകാതിരുന്ന ബാഴ്‌സലോണ കഴിഞ്ഞ യുറോപ്പ ലീഗിലേക്ക് പോകുകയായിരുന്നു. യുറോപ്പ ലീഗിന്‍റെ സെമി ഫൈനലിൽ ജർമ്മൻ ക്ലബായ ഐൻട്രാക്‌ട് ഫ്രാങ്ക്ഫർട്ടിനോട് പരാജയപ്പെട്ടാണ് പുറത്തായത്.
2019-20 സീസണില്‍ ബയേണിനോട് രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്ക് ബാഴ്‌സ തോല്‍വി വഴങ്ങിയിരുന്നു. അതുകൊണ്ട് തന്നെ പഴയ കണക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ തീര്‍ക്കാനുള്ള അവസരമാണ് ബാഴ്‌സയ്‌ക്ക് വന്നിരിക്കുന്നത്. അതിനൊപ്പം ഇന്‍റർ മിലാൻ കൂടെ ചേരുന്നതോടെ പോരാട്ടങ്ങളുടെ ആവേശം ഇരട്ടിയാകും.
ബാഴ്‌സലോണ: അവസാന സീസണിൽ സൂപ്പർ താരം ലയണൽ മെസി ടീം വിട്ടതിന് ശേഷം ബാഴ്സലോണ വളരെ മോശം പ്രകടനമാണ് നടത്തിയത്. അതിന് പിന്നാലെ ഈ ട്രാൻസ്‌ഫർ വിൻഡോയിൽ മികച്ച താരങ്ങളെയാണ് ബാഴ്സ ടീമിലെത്തിച്ചത്. ബയേണ്‍ മ്യൂണിക്കിന്‍റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവന്‍ഡോവ്‌സ്‌കി, ലീഡ്‌സ് യുണൈറ്റഡിന്‍റെ ബ്രസീലിയൻ വിംഗർ റാഫിഞ്ഞ, എസി മിലാനിൽ നിന്നും ഫ്രാങ്ക് കെസ്സി, ചെൽസി താരങ്ങളായ മാർകസ് അലോൻസോ, ആൻഡ്രിയാസ് ക്രിസ്റ്റ്യൻസൻ, ആർസനലിൽ നിന്നും ഹെക്‌ടർ ബെല്ലാരിനെയും സെവില്ലയിൽ നിന്ന് യുവ പ്രതിരോധ താരം ജൂൾസ് കോണ്ടയെയും ടീമിലെത്തിച്ചു.
അതിനൊപ്പം തന്നെ ഈ സിസണോടെ ടീം വിടാനൊരുങ്ങിയുരുന്ന ഫ്രഞ്ച് വിംഗർ ഒസ്‌മാൻ ഡെംബലെയുടെ കരാർ പുതുക്കുകയും ചെയ്‌തു. ഈ ട്രാൻസ്‌ഫർ വിൻഡോയിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്‌ത താരമായ ഫ്രാങ്കി ഡി ജോങ് ടീം വിടുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ചതും ബാഴ്‌സക്ക് ഗുണം ചെയ്യും. പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നു താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നത്. ഇവർക്കൊപ്പം യുവതാരങ്ങളായ പെഡ്രിയും ഗാവിയും ഫെറാൻ ടോറസ് തുടങ്ങിയ യുവതാരങ്ങളും കൂടെ ചേരുന്നതോടെ ടീം സുശക്തമാകും. ഈ താരങ്ങളെയെല്ലാം ഒത്തിണക്കി മികച്ച ടീമിനെ കളത്തിലിറക്കുക എന്നതാണ് പരിശീലകൻ സാവിയുടെ പ്രധാന ഉത്തരാവാദിത്തം.
ബയേൺ മ്യൂണിക്: ബയേണിനെ സംബന്ധിച്ചിടത്തോളം ലെവൻഡോസ്‌കി ടീം വിട്ടെങ്കിലും പുതിയ താരങ്ങളെ ടീമിലെത്തിട്ടുണ്ട്. ലിവർപൂളിൽ നിന്നും സെനഗൽ താരം സാദിയോ മാനെയെ എത്തിച്ച് കൊണ്ടാണ് മുന്നേറ്റത്തിന്‍റെ മൂർച്ച കൂട്ടിയത്. യുവന്‍റസിൽ നിന്നും ഡച്ച് ഡിഫൻഡർ ഡി ലിറ്റിനെയും അയാക്‌സിൽ നിന്നും റയാൻ ഗ്രാവൻബെർഹ് എന്നിവരെയും ടീമിലെത്തിച്ചിട്ടുണ്ട്.
പരിചയസമ്പന്നരായ തോമസ് മുള്ളർ, മാനുവൽ ന്യുയർ, അൽഫോൻസോ ഡേവിസ് തുടങ്ങിയ താരങ്ങൾക്കൊപ്പം, മാന്ത്രിക ഫുട്ബോൾ പുറത്തെടുക്കുന്ന ജമാൽ മുസിയാല, മിഡ്‌ഫീൽഡിൽ എണ്ണയിട്ട യന്ത്രം പോലെ കളിക്കുന്ന ജോഷ്വ കിമ്മിച്ച് തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന മികച്ച ടീമുമായാണ് മത്സരത്തിനെത്തുന്നത്.
ALSO READ: Champions League | ഗ്രൂപ്പ് ബിയിൽ തുല്ല്യരുടെ പോരാട്ടം; പൊരുതാനുറച്ച് ക്ലബ് ബ്രൂഷ്
ഇന്‍റർ മിലാൻ: ഇറ്റാലിയൻ വമ്പൻമാരായ ഇന്‍റര്‍ മിലാന്‍ കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനൊപ്പമായിരുന്നു സ്ഥാനം. റയലിന് പിന്നിൽ രണ്ടാമതായി ഗ്രൂപ്പ് ഘട്ടം കടന്ന അവർ ലിവർപൂളിനോട് തോറ്റാണ് പുറത്തായത്. കഴിഞ്ഞ സീസണിലെ പ്രകടനം മെച്ചപ്പെടുത്താനാകും ടീമിന്‍റെ ശ്രമമെങ്കിലും കടുത്ത പോരാട്ടങ്ങൾ സിമിയോണി ഇൻസാഗിയുടെ ടീമിന് അതിജീവിക്കാനാകുമോ എന്നത് കാത്തിരുന്ന് കാണാം. അർജന്റീനൻ താരം ലൗട്ടാരോ മാർട്ടിനസ്, ചെൽസി വിട്ട് ടീമിലേക്ക് തിരിച്ചെത്തിയ റൊമേലു ലുക്കാകു എന്നിവരാണ് പ്രധാന മുന്നേറ്റ താരങ്ങൾ.
വിക്ടോറിയ പ്ലസെൻ: ഇവർക്കൊപ്പം ഗ്രൂപ്പിൽ ഉൾപ്പെട്ട ചെക് ക്ലബായ വിക്ടോറിയ പ്ലസെനെ വളരെ വലിയ മത്സരങ്ങളാണ് കാത്തിരിക്കുന്നത്. കരുത്തരായ ടീമുകൾക്കെതിരെ വലിയ വേദികളിൽ മത്സരങ്ങൾ കളിക്കാം. എന്തെങ്കിലും തരത്തിൽ അട്ടിമറികൾ നടത്താനായാൽ അത് ഗ്രൂപ്പിലെ മറ്റു മൂന്ന് ടീമുകളുടെ പ്രീക്വാർട്ടർ പ്രവേശനത്തെ കാര്യമായ ബാധിക്കും.