ഹൈദരാബാദ്:യുവേഫ ചാമ്പ്യൻസ് ലീഗിൽഅത്ലറ്റികോ മാഡ്രിഡും പോർട്ടോയുമടക്കമുള്ള ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് ബിയിൽ തുല്ല്യരുടെ പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. എങ്കിലും ഈ ഗ്രൂപ്പിൽ നിന്നും സ്‌പാനിഷ് ക്ലബായ അത്ലറ്റികോ മാഡ്രിഡ് ഒന്നാമതായി ഗ്രൂപ്പ് ഘട്ടം കടക്കുമെന്നാണ് വിലയിരുത്തൽ. രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ വളരെ ആവേശകരമായ മത്സരങ്ങൾക്കാണ് ആരാധകർ സാക്ഷ്യം വഹിക്കുക.
ഗ്രൂപ്പ് ബി: അത്ലറ്റികോ മാഡ്രിഡ്, പോർട്ടോ, ബയർ ലെവർകൂസൻ, ക്ലബ് ബ്രൂഷ്
അത്ലറ്റികോ മാഡ്രിഡ്:വളരെ മികച്ച ഡിഫൻസീവ് റെക്കോഡുമായാണ് സിമിയോണിയുടെ അത്ലറ്റികോ ചാമ്പ്യൻസ് ലീഗിന് എത്തുന്നത്. 2014- 15 സീസണിന് ശേഷം അത്ലറ്റികോയുടെ ഹോം മത്സരങ്ങളിലെ ഡിഫൻസീവ് റെക്കോഡ് പരിശോധിക്കുകയാണെങ്കിൽ അവർക്കെതിരെ ഗോൾ കണ്ടെത്താൻ ഏതൊരു ടീമും ബുദ്ധിമുട്ടും. അവസാന ഏഴ് സീസണിൽ 37 മത്സരങ്ങൾ കളിച്ച അവർ 24 ക്ലീൻ ഷീറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇത്രയും മത്സരങ്ങളിൽ 19 ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാനാകാത്ത സിമിയോണിയുടെ ടീം മൂന്ന് തവണ ഫൈനലിലെത്തിയിട്ടുണ്ട്.
ബയർ ലെവർകൂസൻ: അതുപോലെ തന്നെ ഗ്രൂപ്പിലെ മറ്റൊരു ടീമായ ബയർ ലെവർകൂസന് അത്ര മികച്ചതല്ല ഈ സീസൺ. ബുന്ദസ് ലീഗയിൽ ഇതുവരെ കളിച്ച 5 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് വിജയിക്കാനായത്. ബാക്കി നാല് മത്സരങ്ങളും തോറ്റ അവർ ലീഗിൽ 14 മതാണ്. നിലവിൽ യുറോപ്യൻ കിരീടം നേടിയില്ലാത്ത ലെവർകൂസൻ ക്ലബ് ചരിത്രത്തിൽ ഒരു തവണ മാത്രമാണ് ചാമ്പ്യൻസ് ലീഗിന്‍റെ കലാശപ്പോരിന് ഇടം നേടിയത്. 2001-02 സീസണിൽ ഫൈനലിലെത്തിയ അവർ സ്‌പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാജയപ്പെട്ടത്.
പോർട്ടോ: പോർച്ചുഗീസ് ക്ലബായ പോർട്ടോയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. ഇതിഹാസ പരിശീലകൻ ജോസെ മോറിഞ്ഞോക്ക് കീഴിൽ അത്ഭുതം സൃഷ്ടിച്ച ഒരു ടീമാണ്. മാത്രല്ല യൂറോപ്യൻ കിരീടം രണ്ട് തവണ സ്വന്തമാക്കിയ ടീമാണ് പോർട്ടോ. 1987 ൽ യുറോപ്യൻ കിരീടവും പിന്നീട് അത് യുവേഫ ചാമ്പ്യൻസ് ലീഗ് എന്ന പേരിൽ സംഘടിപ്പിക്കാൻ തുടങ്ങിയതിന് ശേഷം 2004 ലുമാണ് പോർട്ടോ കിരീടം ഉയർത്തിയത്. നിലവിൽ സെർജിയോ കോൺസകാവോയാണ് അവരുടെ പരിശീലകൻ. പോർച്ചുഗീസ് ലീഗിൽ ജേതാക്കളായാണ് പോർട്ടോ ചാമ്പ്യൻസ് ലീഗിനെത്തുന്നത്.
ക്ലബ് ബ്രൂഷ്: ഗ്രൂപ്പിലെ അവസാന ടീമായ ബെൽജിയൻ ടീമായ ക്ലബ് ബ്രൂഷ് കഴിഞ്ഞ സീസണിലെ പ്രകടനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടയാകും ഇത്തവണ കച്ചകെട്ടി ഇറങ്ങുക. അവസാന സീസണിൽ പിഎസ്‌ജി അടക്കമുള്ള ടീമുകൾക്ക് വെല്ലുവിളി സൃഷ്‌ടിച്ചാണ് ബ്രൂഷ് മടങ്ങിയത്. എന്നാൽ കെറ്റ്ലെയർ അടക്കമുള്ള അവരുടെ പ്രധാന താരങ്ങൾ ടീം വിട്ടത് അവർക്ക് വെല്ലുവിളി ആയേക്കും. കെറ്റ്ലെയർ ഇറ്റാലിയൻ ക്ലബായ എസി മിലാനിലേക്കാണ് ചേക്കേറിയത്.
ALSO READ:യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന് ഇന്ന് പന്തുരുളും: ഈ സീസണിലെ ഗ്രൂപ്പുകളും പ്രധാന പോരാട്ടങ്ങളും
എന്നാൽ കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്‌തമായി കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കാനായേക്കും. കാരണം അത്തരത്തിലൊരു ഗ്രൂപ്പിലാണ് അവർ ഇത്തവണ ഇടം പിടിച്ചിരിക്കുന്നത്. അവസാന സീസണിൽ വമ്പൻമാരായ പിഎസ്‌ജിക്കും മാഞ്ചസ്റ്റർ സിറ്റിക്കും ഒപ്പമായിരുന്നു ഇവരുടെ സ്ഥാനം. അതുകൊണ്ട് തന്നെ ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ പുറത്താകുകയായിരുന്നു. എന്നാൽ ഇത്തവണ അത്ര കടുപ്പമല്ലാത്ത ഗ്രൂപ്പിൽ നിന്നും കൂടുതൽ സ്വപ്‌നങ്ങളുമായിട്ടാകും അവരുടെ വരവ്. ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെങ്കിലും എത്തി യൂറോപ്പ ലീഗിന് യോഗ്യത സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാകും ബെൽജിയൻ ക്ലബ് യുറോപ്യൻ വേദിയിലെത്തുന്നത്.