ഹൈദരാബാദ്: യൂറോപ്യൻ ഫുട്‌ബോൾ മാമാങ്കം. ക്ലബ് ഫുട്‌ബോളിലെ താരതമ്പുരാക്കൻമാരെ നിർണയിക്കുന്ന ജീവൻമരണ പോരാട്ടങ്ങൾ. കാൽപന്തുകളിയാരാധകർക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച് വീറും വാശിയും കൈമുതലാക്കി പുതുതന്ത്രങ്ങൾ മെനഞ്ഞ് കാൽപന്തിൽ മായാജാലം തീർക്കാൻ യൂറോപ്യൻ ഫുട്‌ബോൾ മാമാങ്കം തിരികെയെത്തുകയാണ്.
യുവേഫ ചാമ്പ്യന്‍സ് ലീഗിന്‍റെ 2022-23 സീസണിന് പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ആദ്യ ദിനത്തിൽ യൂറോപ്പിലെ വമ്പൻ ക്ലബുകളെല്ലാം പോരിനിറങ്ങുന്നുണ്ട്. ചാമ്പ്യന്‍സ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇസ്‌താംബുളിൽ പൂര്‍ത്തിയായിരുന്നു. പതിവ് പോലെ തന്നെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ വളരെ വാശിയേറിയ പോരാട്ടങ്ങളാണ് കാൽപന്ത് കളിയാരാധകരെ കാത്തിരിക്കുന്നത്. ഗ്രൂപ്പുകളും പ്രധാന പോരാട്ടങ്ങളും ഏതൊക്കെയാണെന്ന് പരിശോധിക്കാം..
ഗ്രൂപ്പ് എ: അയാക്‌സ്, ലിവര്‍പൂള്‍, നാപോളി, റേഞ്ചേഴ്‌സ്:ഇംഗ്ലീഷ് വമ്പൻമാരായ ലിവർപൂളാണ് ഗ്രൂപ്പിലെ ഫേവറൈറ്റ്സ്. യുർഗൻ ക്ലോപ്പിന്‍റെ കീഴിലിറങ്ങുന്ന ലിവർപൂൾ അനായാസം ഗ്രൂപ്പ് ഘട്ടം കടക്കുമെന്ന പ്രതീക്ഷയിലാണ് പോരാട്ടത്തിനിറങ്ങുക. അവസാന 5 ചാമ്പ്യന്‍സ് ലീഗ് സീസണിലെ പ്രകടനം പരിശോധിക്കുകയാണെങ്കിൽ മൂന്ന് സീസണിലും ഫൈനലിലെത്തുകയും ഒരു തവണ കിരീടവും നേടിയ ടീമാണ് ലിവർപൂൾ.
ലിവര്‍പൂള്‍: യൂർഗൻ ക്ലോപ്പ് ലിവർപൂൾ പരിശീലകനായി ചുമതലയേറ്റ ശേഷം അവർ ഗ്രൂപ്പ് ഘട്ടം കടക്കാതിരുന്നിട്ടില്ല. ഇത്തവണ പ്രീമിയർ ലീഗിൽ അത്ര മികച്ച പ്രകടനം ഒന്നുമല്ലങ്കിലും ചാമ്പ്യൻസ് ലീഗിലെത്തിയാൽ അതിൽ നിന്നും വ്യത്യസ്‌തമായ മായ പ്രകടനം പുറത്തെടുക്കുന്നത് പതിവാണ്. 2018-19 ൽ അവർ കിരീടം നേടിയ സീസണിൽ മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിൽ നേരിയ വെല്ലുവിളി നേരിട്ടത്. ഈ സീസണിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്‌ജിക്ക് പിന്നിൽ രണ്ടാമതയാണ് അവർ ഗ്രൂപ്പ് ഘട്ടം കടന്നത്. മാത്രമല്ല ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടിരുന്നു.
അന്ന് കാർലോ ആൻസലോട്ടി പരിശീലിപ്പിച്ചിരുന്ന നാപോളിയും ലിവർപൂളിന് വെല്ലുവിളി ഉയർത്തിയിരുന്നു. വളരെ നാടകീയമായിട്ടാണ് ലിവർപൂൾ നോക്കൗട്ടിലെത്തിയത്. ഗ്രൂപ്പിൽ 9 പോയിന്‍റുമായി ഇരു ടീമുകളും തുല്യത പാലിച്ചപ്പോൾ കൂടുതൽ ഗോളുകൾ നേടിയതിന്‍റെ മികവിലാണ് നാപോളിയെ മറികടന്നത്. അത്കൊണ്ട് തന്നെ ഈ സീസണിലും നാപോളി ക്ലോപ്പിനും സംഘത്തിനും വെല്ലുവിളി ഉയർത്തിയേക്കും.