ഹൈദരാബാദ്:യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ മികച്ച റെക്കോഡുകളുളള ടീമുകളാണ് ഇറ്റാലിയൻ വമ്പൻമാരായ എസി മിലാനും പ്രീമിയർ ലീഗ് ക്ലബായ ചെൽസി എഫ്‌സിയും. ഇവർക്കൊപ്പം ഓസ്ട്രിയൻ ടീമായ റെഡ്ബുൾ സാൽസ്‌ബർഗും ക്രൊയേഷ്യൻ ലീഗ് ജേതാക്കളായ ഡൈനാമോ സാഗ്രബും ചേരുന്നതാണ് ചാമ്പ്യൻസ് ലീഗ് 2022-23 സീസണിലെ ഗ്രൂപ്പ് ഇ. 1999 സീസണിന് ശേഷം ആദ്യമായാണ് എസി മിലാനും ചെൽസിയും ചാമ്പ്യൻസ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടുന്നത്.
ഗ്രൂപ്പ് ഇ: എസി മിലാൻ, ചെൽസി, റെഡ്‌ബുൾ സാൽസ്ബർഗ്, ഡൈനാമോ സാഗ്രബ്
എസി മിലാൻ: 11 വർഷത്തിന് ശേഷം ആദ്യമായി ഇറ്റാലിയൻ സിരി എ കിരീടം സ്വന്തമാക്കിയാണ് ഇത്തവണ എസി മിലാന്‍റെ വരവ്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ കിരീടങ്ങളുടെ കണക്കെടുത്താൽ ഏഴ് കിരീടങ്ങളുമായി റയൽ മാഡ്രിഡിന് പിന്നിൽ രണ്ടാമതാണ് എസി മിലാൻ. 1963, 1969, 1989, 1990, 1994, 2003, 2007 വർഷങ്ങളിലാണ് മിലാൻ യൂറോപ്യൻ കിരീടം സ്വന്തമാക്കിയത്.
ഒരു പതിറ്റാണ്ടിന് ശേഷം റൊസനേരിയിൽ മിലാൻ ആരാധകർ സ്വപ്‌നം കാണാൻ തുടങ്ങിയിരിക്കുന്നു. സ്റ്റെഫാനോ പിയോളിയുടെ ശിക്ഷണത്തിൽ സ്ലാറ്റൻ ഇബ്രാമോവിച്ചിന്‍റെയും യുവതാരങ്ങളുടെയും മികവിൽ ഉയർത്തെഴുനേൽപ്പന്‍റെ പാതയിലാണ്. കഴിഞ്ഞ സീസണിൽ പരിശീലകൻ സ്റ്റെഫാനോ പിയോളിക്ക് കീഴിൽ ലീഗ് കിരീടം നേടിയ മിലാൻ കൂടുതൽ പ്രതീക്ഷകളുമായാണ് മത്സരത്തിനെത്തുന്നത്. അതോടൊപ്പം തന്നെ ഈ സമ്മർ ട്രാൻസ്‌ഫറിൽ ലിവർപൂളിൽ നിന്ന് ഡിവോക് ഒറിഗി, കഴിഞ്ഞ സീസണിൽ ബെൽജിയൻ ടീമായ ക്ലബ് ബ്രൂഷിനായി മികച്ച പ്രകടനം പുറത്തെടുത്ത ചാൾസ് ഡി കെറ്റലേയറും മിലാന്‍റെ മുന്നേറ്റത്തിന് കരുത്തേകും.
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിൽ നിന്നും കൂടുതൽ മികച്ച പ്രകടനമാകും ടീമിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്. ലിവർപൂൾ, അത്‌ലറ്റികോ മാഡ്രിഡ്, പോർട്ടോ എന്നീ ടീമുകളൊപ്പം ഉൾപ്പെട്ടിരുന്ന മിലാൻ നാലാമതായാണ് ഫിനിഷ് ചെയ്‌തത്. യുറോപ്പ ലീഗിൽ മത്സരക്കാനുള്ള അവസരം കൂടെ ലഭിച്ചിരുന്നില്ല. പരിക്ക് മൂലം 40 വയസ് പൂർത്തിയായ സ്വീഡിഷ് ഇതിഹാസം സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന് ഗ്രൂപ്പ് ഘട്ടത്തിൽ ടീമിനൊപ്പം ഉണ്ടാവില്ല.
ചെൽസി: പ്രീമിയർ ലീഗ് ക്ലബായ ചെൽസിയുടെ ഈ സീസണിലെ പ്രീമിയർ ലീഗിലെ പ്രകടനം അത്ര മികച്ചതല്ല. അതോടൊപ്പം തന്നെ ചാമ്പ്യൻസ് ലീഗിലെ ഡൈനാമോ സാഗ്രബിനെതിരായ മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവിയാണ് അവർ വഴങ്ങിയത്. തോൽവിക്ക് പിന്നാലെ 2021 ൽ ചാമ്പ്യൻസ് ലീഗും എഫ് എ കപ്പുമടക്കം നേടിക്കൊടുത്ത പരിശീലകൻ തോമസ് ടുഷേലിനെ പുറത്താക്കിയിരുന്നു. പകരം ബ്രൈറ്റൺ പരിശീലകനായ ഗ്രഹാം പോട്ടറിനെയാണ് ചെൽസി പരിശീലകനായി എത്തിച്ചിരിക്കുന്നത്.