ഇസ്‌താംബുള്‍ :ചാമ്പ്യന്‍സ് ലീഗില്‍ (UEFA Champions League) മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ (Manchester United) നോക്ക് ഔട്ട് മോഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് ഗലാറ്റസറെ (Galatasaray). അടുത്ത റൗണ്ടിലേക്ക് കടക്കാന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ടര്‍ക്കിഷ് ക്ലബിനോട് 3-3 ന്‍റെ സമനിലയാണ് ചെകുത്താന്മാര്‍ വഴങ്ങിയത്. 3-1 എന്ന നിലയില്‍ മുന്നില്‍ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന് തിരിച്ചടികള്‍ നേരിടേണ്ടി വന്നത് (Galatasaray vs Manchester United Match Result).
ആതിഥേയരായ ഗലാറ്റസറെയെ വിറപ്പിക്കാന്‍ മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ സന്ദര്‍ശകരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സാധിച്ചു. 11-ാം മിനിറ്റിലാണ് യുണൈറ്റഡ് ആദ്യ ഗോള്‍ നേടുന്നത്. യുവതാരം അലജാന്‍ഡ്രോ ഗര്‍നാച്ചോയാണ് (Alejandro Garnacho) ചെകുത്താന്മാര്‍ക്ക് ലീഡ് സമ്മാനിച്ചത്.
യുണൈറ്റഡ് സൂപ്പര്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ (Bruno Fernandes) പാസ് സ്വീകരിച്ച് കൊണ്ടായിരുന്നു ഗര്‍നാച്ചോ ഗലാറ്റസറെ ആരാധകരെ നിശബ്‌ദരാക്കിയത്. 18-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം ഗോളും നേടി. ബ്രൂണോയുടെ തകര്‍പ്പന്‍ ഒരു ലോങ് റേഞ്ച് ഷോട്ടാണ് ചുവന്ന ചെകുത്താന്മാരുടെ ലീഡ് ഉയര്‍ത്തിയത്.
പിന്നീടായിരുന്നു ഗലാറ്റസറെയുടെ തിരിച്ചുവരവ്. 29-ാം മിനിറ്റില്‍ ഹക്കിം സിയേച് (Hakim Ziyech) ആതിഥേയര്‍ക്കായി ആദ്യ ഗോള്‍ നേടി. ഫ്രീ കിക്കില്‍ നിന്നായിരുന്നു ഗോള്‍. സിയേച് പായിച്ച ഷോട്ടിന്‍റെ ഗതി മനസിലാക്കാന്‍ യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഒനാനയ്‌ക്ക് സാധിച്ചിരുന്നില്ല. ഇതോടെ 2-1 എന്ന സ്കോറില്‍ ആദ്യ പാദത്തില്‍ മുന്നില്‍ നില്‍ക്കാന്‍ യുണൈറ്റഡിനായി.