മാഡ്രിഡ്: മെയ് 28ന് രാത്രി പാരീസ് നഗരം ഉറങ്ങാൻ തുടങ്ങുമ്പോൾ ഫുട്‌ബോൾ ലോകം ഉണർന്നിരിക്കുകയായിരിക്കും. ലോക ഫുട്‌ബോളിലെ രണ്ട് വമ്പൻമാർ അന്ന് മുഖാമുഖം വരികയാണ്. ആരാണ് കേമൻ എന്നറിയാൻ. യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിനായുള്ള തീപാറുന്ന പോരാട്ടത്തില്‍ സ്‌പാനിഷ് വമ്പൻമാരായ റയല്‍ മാഡ്രിഡും ഇംഗ്ലീഷ് ക്ലബ് ലിവർപൂളും നേർക്ക് നേർ വരുന്നത് മെയ് 28 രാത്രിയിലാണ്.
മെയ് 29ന് പുലര്‍ച്ചെ 12.30നാണ് മത്സരം. ഫുട്‌ബോൾ ആരാധകരുടെ നെഞ്ചിടിപ്പേറ്റിയ സെമിഫൈനല്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റർ സിറ്റിയെ തോല്‍പ്പിച്ചാണ് റയല്‍ യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ കലാശപ്പോരിന് യോഗ്യത നേടിയത്. വിയ്യാറയലിനെ തകർത്തുവിട്ടാണ് ലിവർപൂൾ റയലിനെ നേരിടാനെത്തുന്നത്. നാല് മത്സരങ്ങൾ ശേഷിക്കെ സ്പാനിഷ് ലീഗ് (ലാലിഗ) കിരീടം സ്വന്തമാക്കിയ റയലിനെ സംബന്ധിച്ച് കാര്യങ്ങൾ എളുപ്പമാണ്.
ചാമ്പ്യൻസ് ലീഗ് ഫൈനല്‍ വരെ മുൻനിര താരങ്ങളെ പരിക്കിന് വിട്ടുകൊടുക്കാതെ റിസർവ് ബെഞ്ചിലുള്ളവർക്ക് അവസരം നല്‍കാനാനും പരിശീലകൻ ആൻസലോട്ടി ശ്രമിക്കുക. അതേസമയം ലിവർപൂളിന് പ്രീമിയർ ലീഗില്‍ ഇനി വരാനിരിക്കുന്നത് കടുത്ത മത്സരങ്ങളാണ്. നിലവില്‍ 32 മത്സരം പൂർത്തിയാക്കിയ ലിവർപൂൾ കിരീടപ്പോരില്‍ മാഞ്ചസ്റ്റർ സിറ്റിക്ക് തൊട്ടുപിന്നിലാണ്. ആറ് മത്സരം ശേഷിക്കെ സിറ്റിക്ക് 83ഉം ലിവറിന് 82ഉം പോയിന്‍റാണുള്ളത്. പ്രീമിയർ ലീഗ് കിരീടം തിരിച്ചുപിടിക്കാൻ ലിവർപൂളിന് ഏറ്റവും ശക്തമായ ടീമിനെ തന്നെ ഇനി വരുന്ന ഓരോ മത്സരത്തിനും അണിനിരത്തേണ്ടിവരും.