ഇസ്‌താംബുൾ : യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ രാജാക്കൻമാരെ ഇന്നറിയാം. യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ അന്തിമ പോരാട്ടത്തിൽ ഇന്ന് ആക്രമണ ഫുട്‌ബോളിന് പേരുകേട്ട ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി, ഏത് കൊലകൊമ്പനെയും പ്രതിരോധ മതിൽ തീർത്ത് തളച്ചിടുന്ന പാരമ്പര്യമുള്ള ഇറ്റാലിയൻ ലീഗിനെ പ്രതിനീധികരിച്ചെത്തുന്ന ഇന്‍റർ മിലാനെ നേരിടുമ്പോൾ ഇസ്‌താംബൂളിലെ അറ്റാതുർക് ഒളിമ്പിക് സ്റ്റേഡിയത്തിൽ തീപാറും പോരാട്ടം തന്നെയാകും. സീസണിൽ പ്രീമിയർ ലീഗും എഫ്‌എ കപ്പും ഇത്തിഹാദിലെത്തിച്ച സിറ്റി ഹാട്രിക് കിരീടം ലക്ഷ്യമിടുമ്പോൾ നാലാം ചാമ്പ്യൻസ് ലീഗ് ട്രോഫിയിലാണ് ഇറ്റാലിയൻ വമ്പൻമാർ കണ്ണുവയ്‌ക്കുന്നത്. ഇന്ന് അർധരാത്രി 12.30 നാണ് മത്സരം.
പ്രീമിയർ ലീഗിലെ ആറു സീസണിൽ അഞ്ച് തവണയും കിരീടം നേടിയ പെപ് ഗ്വാർഡിയോളയ്‌ക്ക് മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഇതുവരെ ചാമ്പ്യൻസ് കിരീടം മാത്രം കിട്ടാക്കനിയാണ്. 2021ൽ ഫൈനലിലെത്തിയെങ്കിലും തോമസ് ടുഷേലിന്‍റെ കീഴിലിറങ്ങിയ ചെൽസിയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് മടങ്ങാനായിരുന്നു സിറ്റിയുടെ വിധി. ആ കുറവ് നികത്താനാണ് ഇത്തവണ പെപിന്‍റെയും സിറ്റിയുടെയും ശ്രമം.
അതേസമയം പഴയ പ്രതാപം തിരിച്ചുപിടിക്കാനാണ് ഇറ്റാലിയൻ വമ്പൻമാരായ ഇന്‍റർ മിലാന്‍റെ ശ്രമം. ഈ സീസണിൽ ഇറ്റാലിയൻ കപ്പ് , ഇറ്റാലിയൻ സൂപ്പർ കപ്പ് എന്നിവ സാൻസിറോയിലെത്തിച്ചിട്ടുണ്ട്. 2010ന് ശേഷം ആദ്യമായാണ് ഇന്‍റർ മിലാൻ യൂറോപ്യൻ ക്ലബുകളുടെ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. അന്ന് ജൊസെ മൗറിന്യോക്ക് കീഴിൽ ഇറങ്ങിയ ഇന്‍റർ ഫൈനലിൽ ബയേൺ മ്യൂണികിനെ പരാജയപ്പെടുത്തിയാണ് മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടം സാൻസിറോയിലെത്തിച്ചത്. അതിനുമുമ്പ് 1963-64, 1964-65 സീസണുകളിലാണ് യൂറോപ്യൻ കപ്പ് ജേതാക്കളായത്.
പ്രീമിയർ ലീഗിലെ റെക്കോഡുകൾ തകർത്തെറിഞ്ഞ് കുതിക്കുന്ന ഗോൾ മെഷീൻ ഏർലിങ് ഹാലണ്ട്, കെവിൻ ഡി ബ്രൂയിൻ, ഇൽകായ് ഗുണ്ടോഗൻ, റിയാദ് മെഹ്‌റസ്, ബെർണാഡോ സിൽവ, ജാക് ഗ്രീലിഷ് എന്നിവരിലാണ് സിറ്റിയുടെ പ്രതീക്ഷ. സെമിഫൈനലിൽ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ രാജാക്കൻമാരായ റയൽ മാഡ്രിഡിനെ നിഷ്പ്രഭരാക്കിയാണ് പെപും സംഘവും ദീർഘനാളത്തെ സ്വപ്‌നം സാക്ഷാത്കരിക്കാൻ ഒരുങ്ങുന്നത്. മത്സരത്തിലുടനീളം ആക്രമിച്ച് കളിക്കുന്നതാണ് സിറ്റിയുടെ രീതി. ഹൈ പ്രസിങ്, പൊസിഷൻ ഗെയിം എന്നിവ സമന്വയിപ്പിച്ചുള്ള അറ്റാക്കിങ് ഫുട്‌ബോൾ തത്വം കളത്തിൽ നടപ്പിലാക്കിയാൽ സിറ്റിയെ പിടിച്ചുകെട്ടാൻ മിലാൻ പ്രതരോധം ബുദ്ധമുട്ടുമെന്നുറപ്പാണ്.
സാധ്യത ലൈനപ്പ്; ഗോൾവലയ്‌ക്ക് മുന്നിൽ വിശ്വസ്ഥനായ എഡേഴ്‌സൺ, പ്രതിരോധത്തിൽ റൂബൻ ഡിയാസ്, മാനുവൽ അകാൻജി, കെയ്‌ൽ വാക്കർ എന്നിവർക്ക് മുന്നിലായി ഡിഫൻസീവ് മിഡ്‌ഫീൽഡർമാരായ റോഡ്രിയെയും ജോൺ സ്‌റ്റോൺസിനെയും അണിനിരത്തുന്ന പതിവ് ശൈലിയിൽ തന്നെയാകും സിറ്റിയുടെ പ്രതിരോധം. ഡി ബ്രൂയിനും ഗുണ്ടോഗനും വലതുവിങ്ങിൽ ബെർണോഡോയും ഇടതുവിങ്ങിൽ ജാക് ഗ്രീലിഷും. മധ്യനിരയിൽ എണ്ണയിട്ട യന്ത്രങ്ങൾ പോലെ കളിക്കുന്ന ഈ താരങ്ങൾ നൽകുന്ന പന്തുകൾ യാതൊരു പിഴവുകളും കൂടാതെ എതിരാളികളുടെ പോസ്റ്റിലെത്തിക്കാൻ ഏർലിങ് ഹാലണ്ടും.
മറുവശത്ത് സിമിയോണി ഇൻസാഗി പരിശീലിപ്പിക്കുന്ന ഇന്‍റർ മിലാന്‍റെ മധ്യനിര മികച്ചതാണ്. നികോളോ ബാരെല്ല, മാഴ്‌സെലോ ബ്രോസോവിച്ച്, ഹകാൻ കൽഹാനോഗ്ലു എന്നിവരാണ് മധ്യനിരയുടെ ചുക്കാൻ പിടിക്കുന്നത്. മുന്നേറ്റത്തിൽ അർജന്‍റൈൻ താരം ലൗറ്റാറോ മാർട്ടിനെസ് മികച്ച കളിയാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ 13 കളിയിൽ 10 ഗോളടിച്ചിട്ടുണ്ട്. പ്രായം 37 കടന്നെങ്കിലും എഡിൻ സെക്കോയും ഇന്ററിന്റെ പ്രധാനതാരമാണ്. സെമി ഫൈനലിൽ നാട്ടുകാരായ എസി മിലാനെ പരാജയപ്പെടുത്തിയാണ് 13 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഫൈനലിൽ എത്തിയത്.
ഗോൾകീപ്പറായി ആന്‍ഡ്രെ ഒനാനയും പ്രതിരോധത്തിൽ ഡർമിയാൻ, അസെർബി, ബാസ്റ്റോണി എന്നിവർ ആദ്യ ഇലവനിൽ ഇടം പിടിക്കാനാണ് സാധ്യത. മധ്യനിരയിൽ ഡംഫ്രെയ്‌സ്, നികോളോ ബാരെല്ല, ഹെൻറിക് മിഖിതര്യൻ, ഹകാൻ കൽഹാനോഗ്ലു, ഫെഡറികോ ഡിമാർകോ എന്നിവരും മുന്നേറ്റത്തിൽ ലൗറ്റാറോ മാർട്ടിനെസിനൊപ്പെം എഡിൻ സെക്കോ അല്ലെങ്കിൽ റൊമേലു ലുകാകുവും ഇറങ്ങും.